മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഇരുപതുകാരനായ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിലെ ചർച്ചാവിഷയം. ഐപിഎൽ ട്വന്റി-20യിൽ മലയാളിയായ സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരേ ദേവ്ദത്ത് 52 പന്തിൽ 101 റണ്‍സുമായി പുറത്താകാതെനിന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ദേവ്ദത്ത് സഹഓപ്പണറും നായകനുമായ വിരാട് കോഹ്ലിയോട് ജയിക്കാനായി മാത്രം ശ്രമിക്കാമെന്ന് പറഞ്ഞു. എന്നാൽ, കോഹ്ലി പറഞ്ഞത് സെഞ്ചുറിയടിക്കാൻ നോക്ക് എന്നായിരുന്നു. മത്സരശേഷം കോഹ്ലിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേവ്ദത്തിന്റെ ഇന്നിംഗ്സ് കണ്ട ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോണ്‍ പൊള്ളോക്ക് അടക്കമുള്ളവർ ഒന്നടങ്കം പറഞ്ഞു: ദേവ്ദത്തിന്റെ ഓരോ ഷോട്ടിലും ക്ലാസും എലഗൻസും ഉണ്ട്. മത്സരത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0.
രാജ്യാന്തര അരങ്ങേറ്റത്തിനു മുന്‍പ് ഐപിഎലിൽ സെഞ്ചുറി നേടുന്ന നാലാമൻ, ഐപിഎലിൽ ആർസിബിയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടിൽ പങ്കാളി തുടങ്ങിയ റിക്കാർഡുകൾ മലയാളി താരം സ്വന്തമാക്കിയത്.
മത്സരത്തിൽ 72 നോട്ടൗട്ടായിരുന്നു കോഹ്ലി, ഐപിഎലിൽ 6,000 റണ്‍സ് കടക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കി.