മട്ടന്നൂർ: കേരളവർമ പഴശി രാജയുടെ പ്രതിമയ്ക്ക് ശേഷം രക്ത ചന്ദനത്തിൽ ഭദ്രകാളിയുടെ പ്രതിഷ്ഠാ വിഗ്രഹം നിർമിച്ചു ശ്രദ്ധേയമാകുകയാണ് ചെറുതാഴത്തെ പ്രശാന്ത്. 2016 നവംബറിലാണ് എട്ടു മാസം സമയമെടുത്ത് വീരകേരള വർമ പഴശിരാജയുടെ എട്ടടി ഉയരത്തിൽ ഈട്ടിത്തടിയിൽ ശില്പം നിർമിച്ചത്.
ഇതിനു ശേഷമാണ് പ്രശാന്ത് കൊല്ലം ജില്ലയിലെ പുതിയ കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് രക്തചന്ദനത്തിൽ ഭദ്രകാളിയുടെ വിഗ്രഹം നിർമിച്ചത്. ആറു മാസം സമയമെടുത്താണ് ശില്പ നിർമാണം പൂർത്തീകരിച്ചതെന്ന് പ്രശാന്ത് പറയുന്നു. പീഠവും നാളവും പ്രഭാവലയവും ഉൾപ്പെടെ നാല് അടിയോളം ഉയരമാണ് ശില്പത്തിനുളളത്. പൂർണമായും രക്തചന്ദനത്തിൽ തീർത്ത ശില്പത്തിനു വെങ്കലത്തിന്റെ പ്രഭാവലയം കൂടിയുണ്ട്.
ദാരീക വധം കഴിഞ്ഞ് ശിരസുമായി ആനന്ദ രൂപിണിയായ ദേവി വേതാളിയുടെ തലയിൽ ചവിട്ടി മുന്നോട്ട് ചലിക്കുന്ന രീതിയിലാണ് ശില്പം നിർമിച്ചത്. പ്രശാന്ത് ചെറുതാഴം ജില്ലയ്ക്ക് അകത്തും പുറത്തുമായി ഏകദേശം 40 ൽ പരം ക്ഷേത്രങ്ങളിൽ ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. പി.പി.ദാമോദരന്റെയും കോമളവല്ലിയുടേയും മകനാണ്. എം.കെ.സുചിത്രയാണ് ഭാര്യ. മഹാദേവ് മകനാണ്.