ചെന്നൈ: പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുൻ കാമുകനെ ടെലിവിഷൻ നടി കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ നടി എസ്.ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഫിലിം ടെക്നീഷ്യനായ എം. രവിയാണ് കൊല്ലപ്പെട്ടത്.
ദേവി പിന്നീട് പോലീസിൽ കീഴടങ്ങി. തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭർത്താവ് ബി.ശങ്കർ, സഹോദരി എസ്.ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ അറസ്റ്റ് ചെയ്തു.
മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷൻ ചാനൽ സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി.
ഇരുവരുടെയും ബന്ധം വർഷങ്ങളോളം തുടർന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി ടെയ്ലറിംഗ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളിൽ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ഭർത്താവ് ശങ്കർ തെയ്നാംപെട്ടിൽ ഫർണിച്ചർ കട നടത്തുകയാണ്.
ഞായറാഴ്ച രാത്രി ദേവിയെ തേടി കൊളത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവർ അവിടെയില്ലെന്ന് അറിഞ്ഞ് പുലർച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തി. ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനൽകി. ഇയാളെ വീട്ടിൽ നിർത്തിയശേഷം ദേവിയെയും ശങ്കറിനെയും ഫോണിൽ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടൻ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു.
ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി.
തലതകർന്ന് രക്തം വാർന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസ് ലക്ഷ്മിയുടെ വീട്ടിലെത്തി രവിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് മൂന്നുപേർക്കുകൂടി കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.