പാറശാല: വാടകവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പൊള്ളലേറ്റ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീജിത്തിന്റെ മൊഴിയെടുക്കും. ശ്രീജിത്തിന്റെ ഭാര്യയായ ദേവിക (26) യാണ് ഞായറാഴ്ച രാത്രിയോടെ പൊള്ളലേറ്റ് മരിച്ചത്. അരുവിക്കര ചെറിയകൊണ്ണി സ്വദേശികളായ നാരായണൻകുട്ടി – ശൈലജ ദന്പതികളുടെ മകളാണ് ദേവിക.
സംഭവത്തിൽ ദേവികയുടെ ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. ശ്രീജിത്തിന്റെ ബന്ധുക്കളാരുംതന്നെ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. കുടുംബവുമായി സ്വരച്ചേർച്ചയില്ലാത്തതിനെ തുടർന്ന് രണ്ടുമാസമായി വാടകവീട്ടിലാണ് ശ്രീജിത്തും കുടുംബവും താമസിച്ചുവരുന്നത്.
സമീപവാസികളുടെയും ദേവികയുടെ മകൻ അഞ്ചുവയസുള്ള മകന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവസമയത്ത് കുട്ടി കാറിനുള്ളിലായതിനെ തുടർന്ന് രക്ഷപ്പെട്ടു. അടുത്തിടെ വാങ്ങിയ പുതിയ കാറായതിനാൽ കുട്ടി എപ്പോഴും കാറിനുള്ളിലാണ് സമയം ചെലവഴിച്ചിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചുവെങ്കിലും കൃത്യം നടന്ന സമയത്ത് കുട്ടി കാറിനുള്ളിലായതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും.
സംഭവം നടന്ന് നാട്ടുകാർ വന്നപ്പോൾ ദേവജിത്ത് കാറിനുള്ളിൽ ഉറങ്ങുന്ന നിലയിലാണ് കണ്ടത്. രാത്രി പത്തിനുശേഷവും കുഞ്ഞ് കാറിനുള്ളിൽ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. വാടകവീട്ടിൽ താമസിക്കുന്ന ശ്രീജിത്ത് ഭാര്യയും മകനുമായി വെള്ളിയാഴ്ച ദേവികയുടെ ബന്ധുവീട്ടിൽ പോയിരുന്നു.
ഞായറാഴ്ച രാത്രി പത്തോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ദേവിക മണ്ണെണ്ണയൊഴിച്ച് തീകത്തിക്കുകയും ചെയ്തുവെന്നും തടയാൻ ശ്രമിക്കുന്നതിനിടെ തനിക്ക് പൊള്ളലേറ്റുവെന്നും ശ്രീജിത്ത് പറഞ്ഞതായി പോലീസ് പറഞ്ഞു.