ഇടുക്കി : നെടുങ്കണ്ടം ചേന്പളത്തിനു സമീപം കവുന്തിയിൽ യുവതിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിക ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായി പീഡനം ഏറ്റിരുന്നതായി ബന്ധുക്കൾ പരാതിയിൽ ആരോപിച്ചു. ദേവികുളം സബ്ജയിലിലെ വാർഡനാണ് ദേവികയുടെ ഭർത്താവ് അർജുൻ.
നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു ദേവിക. രാത്രി ശുചിമുറിയിൽ പോയ ഇവർ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തു.ദേവിക മരിച്ച ദിവസം മുറിക്കുള്ളിൽ കസേരകളും ശുചിമുറിയുടെ വാതിലും തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു.
ദേവികയെ മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇത് ദേവികയുടേത് തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായി. നേരത്തെയും സംഭവ ദിവസവവും ഇവരുടെ വീട്ടിൽ വഴക്ക് നടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അർജുന്റെ സഹോദരന്റെ വിവാഹത്തിനു ശേഷം വഴക്കു പതിവായിരുന്നെന്ന് ദേവിക ബന്ധുക്കളെയും അറിയിച്ചിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ ജീവനൊടുക്കുമെന്ന് ദേവിക പതിവായി പറഞ്ഞിരുന്നതായി ഭർത്താവ് അർജുൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
സംഭവ ദിവസവും ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞതായും വീട്ടിലെത്തിയപ്പോൾ ഇതെച്ചൊല്ലി വഴക്കുണ്ടായതായും ഇയാൾ പറഞ്ഞു. ദേഷ്യം തീർക്കാൻ കസേരകൾ തല്ലിത്തകർത്തെങ്കിലും ദേവികയെ ഉപദ്രവിച്ചില്ലെന്നാണ് അർജുൻ പറഞ്ഞത്.
ഇതിനിടെ മരണ വിവരം നേരത്തെ അറിയിക്കാത്തതിലും പെട്ടെന്നു തന്നെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്നാണ് ദേവികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, വനിത കമ്മീഷൻ എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകി. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അമ്മാവന്റെ സംരക്ഷണയിലാണ് ദേവിക കഴിഞ്ഞിരുന്നത്.