പതിനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ദേവീകൃഷ്ണയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം പ്രകാശനെ കൊലയാളിയാക്കി, ഐടിസി കോളനിയിലെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ വെട്ടിക്കൊന്നു. പഞ്ചായത്ത് 22- ാം വാര്‍ഡ് കലവൂര്‍ ഐടിസി കോളനിയില്‍ പ്രകാശന്റെ ഭാര്യ ദേവീകൃഷ്ണ (31) യാണു കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. കഴുത്തിന് വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന ദേവീകൃഷ്ണ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ പിടിയിലായ പ്രതി പ്രകാശന്റെ സഹോദരനും കൃത്യത്തില്‍ പങ്കുള്ളതായിട്ട് പോലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ട ദേവീകൃഷ്ണയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായിട്ടുള്ള സംശയത്തിന്റെ പേരില്‍ വീട്ടില്‍ വഴക്ക് നിത്യസംഭവമായിരുന്നതായി നാട്ടുകാരും പോലീസും പറയുന്നു.

വ്യാഴാഴ്ച വൈകിട്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന്, മക്കളായ പാര്‍വതി (12), പ്രണവ് (10) എന്നിവര്‍ക്കൊപ്പം ഇരുവരും ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ എഴുന്നേറ്റ പ്രകാശന്‍ അടുക്കളയില്‍ നിന്നു വാക്കത്തി കൊണ്ടുവന്ന് ദേവീകൃഷ്ണയുടെ നെഞ്ചിനും കഴുത്തിനും വെട്ടുകയായിരുന്നു.

ദേവീകൃഷ്ണ തത്ക്ഷണം മരിച്ചു. ബഹളംകേട്ട് ഉണര്‍ന്ന കുഞ്ഞുങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ട് മുറിയുടെ മൂലയില്‍ ശബ്ദം നിലച്ച് വിറങ്ങലിച്ചു നിന്നു. പ്രകാശന്റെ സഹോദരന്‍ അറിയിച്ചതനുസരിച്ച് അര മണിക്കൂറിനുള്ളില്‍ പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. നാട്ടുകാരും തടിച്ചുകൂടി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

പ്രകാശന്‍ കയര്‍ കയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളിയാണ്. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് ദേവിയുടെ കുടുംബം. നിലവില്‍ പ്രകാശന് രാഷ്ട്രീയമില്ലെങ്കിലും മുമ്പ് ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു. 14 വര്‍ഷം മുമ്പ് സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ രാജപ്പന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കുറ്റവിമുക്തനായി.

Related posts