കൊച്ചി: നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥ ആണെന്നു പരിചയപ്പെടുത്തി വിവിധ ജില്ലകളിൽനിന്നായി നിരവധി പേരിൽനിന്നു 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതിയെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചെറായി തുണ്ടത്തിൽ ശാമുലിന്റെ ഭാര്യ ദേവിപ്രിയ ബാബു (30) ആണ് അറസ്റ്റിലായത്. വടുതല സ്വദേശി നിജോ ജോർജിന് നേവൽ ബേസിൽ ക്ലർക്ക് ജോലി നൽകാമെന്നു പറഞ്ഞു 70,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
ഒരുവർഷമായി ഇത്തരത്തിൽ ഇവർ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു മക്കൾക്കു ജോലി വാഗ്ദാനം നൽകി ആറുലക്ഷം രൂപ ദേവിപ്രിയ വാങ്ങിയിരുന്നു. ഇവർക്കു നേവൽ ക്വാർട്ടേഴ്സ് റെഡിയാക്കിയിട്ടുണ്ടെന്നു പറഞ്ഞതിനാൽ തൃശൂർ ഉള്ള വാടകവീട് ഒഴിഞ്ഞു. കൊച്ചുമക്കൾക്കു കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ശരിയായിട്ടുണ്ടെന്നു വിശ്വസിപ്പിച്ചതിനാൽ പഴയ സ്കൂളിൽനിന്നു ടിസി വാങ്ങുകയും യൂണിഫോം തയ്പിക്കുകയും ചെയ്തു.
ഇതുപോലെ ജോലി ശരിയായെന്നു പറഞ്ഞു മറ്റു പലരെകൊണ്ടു വാടകവീട് എടുപ്പിക്കുകയും ചെയ്തുവത്രെ. വാങ്ങുന്ന പണം നേവൽ ബേസിലെ യൂണിയൻ നേതാക്കൾക്കും ഉന്നത നേവൽ ഉദ്യോഗസ്ഥർക്കും കൊടുക്കാനാണെന്നും അവർ വഴിയാണ് ജോലി ശരിയാക്കുന്നതെന്നുമാണു പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പണം മുടക്കിയ പലരും അവരുടെ പരിചയക്കാരായ റിട്ടയർ ചെയ്ത പട്ടാളക്കാരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പലരും ഇത്തരത്തിൽ പണംകൊടുത്തു ജോലിക്കു കയറാറുണ്ടെന്ന വിവരമാണു കിട്ടിയത്.
പരാതിക്കാരൻ കഴിഞ്ഞ ദിവസം ജോലിക്കു കയറാനായി നേവൽ ബേസിൽ എത്തിയപ്പോഴാണു തട്ടിപ്പു പുറത്തായത്. താൻ വാങ്ങിയ പണം നേവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കാണ് ഇട്ടുകൊടുക്കാറുള്ളതെന്നു പ്രതി പറഞ്ഞെങ്കിലും പോലീസ് നടത്തിയ അന്വഷണത്തിൽ അതു കളവാണെന്നു മനസിലായി.
നോർത്ത് എസ്എച്ച്ഒ സിബി ടോം, എസ്ഐ അനസ്, എഎസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കൃഷ്ണ, സുനിത, അജിലേഷ്, സിനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി അറസ്റ്റിലായതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണു പോലീസ് കരുതുന്നത്.