തൊടുപുഴ: സേവ്യേഴ്സ് ഹോമിന്റെ പുത്രിയായ യുവതിക്കു ക്ഷേത്രത്തിൽ താലികെട്ട്. കത്തോലിക്കാ വൈദികന്റെ സംരക്ഷണയിൽ വളർന്ന ദേവിക്ക് അഖിലാണ് താലി ചാർത്തിയത്.
മതസൗഹാർദത്തിന്റെ നല്ല കാഴ്ചകൾ നിറഞ്ഞുനിന്ന ചടങ്ങിനു തൊടുപുഴയിലെ പൗരപ്രമുഖരടക്കം നിരവധിപേർ സാക്ഷ്യംവഹിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് ദേവി ഫാ. മാത്യു ജെ. കുന്നത്ത് നടത്തിവരുന്ന സേവ്യേഴ്സ് ഹോമിൽ എത്തിച്ചേർന്നത്.
പിന്നീട് വർഷങ്ങളോളം ഈ വൈദികന്റെ ശിക്ഷണത്തിലും സംരക്ഷണയിലും വളർന്ന ദേവിക്കു സേവ്യേഴ്സ് ഹോം സ്വന്തം വീടു തന്നെയായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം തയ്യലും പഠിച്ച ദേവി സേവ്യേഴ്സ് ഹോമിലെ കുഞ്ഞുങ്ങളെ പരിപാലിച്ചുവരുന്നതിനിടയിലാണ് വിവാഹാഭ്യർഥനയുമായി പുതുപ്പരിയാരം സ്വദേശി അഖിൽ എത്തിയത്.
അഖിലിന്റെ മാതാപിതാക്കളുമായി ഫാ.മാത്യു ജെ. കുന്നത്ത് സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചതും ഹിന്ദു മതാചാരപ്രകാരം ഇന്നലെ വിവാഹം നടന്നതും.
തുടർന്നു സേവ്യേഴ്സ് ഹോമിൽ വിരുന്നു സത്കാരവും ഒരുക്കിയിരുന്നു. സേവ്യേഴ്സ് ഹോമിന്റെ അയൽവാസികളും അഭ്യുദയകാംക്ഷികളും ഒപ്പം ചേർന്നതോടെ ദേവിയുടെ വിവാഹം ആഘോഷമായി മാറി.
അയൽവാസിയായ സുബൈർ കുടിവെള്ള സൗകര്യമൊരുക്കിയപ്പോൾ മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി സദ്യവട്ടമൊരുക്കി. ഫാ. ഫ്രാൻസിസ് ചേലപ്പുറത്ത്, ആകാശപ്പറവകളുടെ ശുശ്രൂഷകനായ ഷാജൻ കുന്നിലേടത്ത്, മുനിസിപ്പൽ കൗണ്‍സിലർ ഷേർളി ജയപ്രകാശ്, ജോസ് സി. പീറ്റർ തുടങ്ങി നിരവധിയാളുകൾ നേതൃത്വം നൽകി.
മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്റണി, കൗണ്‍സിലർ ഷാഹുൽ ഹമീദ്, സെന്റ് മേരീസ് ആശുപത്രിയിലെ ഡോ.മാത്യു ഏബ്രഹാം, ഡോ.തോമസ് ഏബ്രഹാം, ഡോ. ജേക്കബ് ഏബ്രഹാം, ഡോ.ജോഷി ജോസഫ് തുടങ്ങിയവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.
അനാഥയായ ഒരു പെണ്‍കുട്ടിയെ പുതുജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയതിന്റെ ആത്മഹർഷത്തിലാണ് ഫാ.മാത്യു ജെ. കുന്നത്തും സേവ്യേഴ്സ് ഹോമിലെ അന്തേവാസികളും.