ബേഡഡുക്ക (കാസര്‍ഗോഡ്): കോവിഡ് വാക്സിന് ആദ്യഡോസ് എടുത്തശേഷം കടുത്ത തലവേദനയും പനിയും ബാധിച്ച് അവശനിലയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചു.
ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രന്റെയും സുനിതയുടെയും മകള്‍ സി. രഞ്ജിത (22) യാണു മരിച്ചത്.
കഴിഞ്ഞ മൂന്നിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നാണ് കോവിഷീല്‍ഡിന്റെ ഒന്നാം ഡോസ് രഞ്ജിതയ്ക്കു കുത്തിവച്ചത്.
പിന്നീട് കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
അസ്വസ്ഥത കൂടുതലായതിനെത്തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നില ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.
ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ രഞ്ജിതയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.
കഴിഞ്ഞദിവസം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കാസര്‍ഗോഡ് ഗവ. ഐടിഐയിലെ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി: ദേവിക.