തിരുവനന്തപുരം: രണ്ടാം ആഴ്ചയില്‍ ചൂടേറിയ രീതിയിലാണ് ബിഗ് ബോസ് മലയാളം സീസണ് 5 പുരോഗമിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മത്സരത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്.
പലപ്പോഴും ടാസ്കുകളില് അടക്കം ഇത് പ്രതിഫലിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബിഗ്ബോസ് വീട്ടില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബന്ധം വിഷ്ണുവും ദേവും തമ്മിലുള്ളതാണ്.
ആദ്യ ആഴ്ചയില്‍ തന്നെ വളരെ തന്ത്രശാലിയായി ഗെയിമര്‍ എന്ന പേര് നേടിയ വ്യക്തിയാണ് വിഷ്ണു. ഒരു ബോഡി ബില്‍ഡറും, നടനാകാന്‍ ആഗ്രഹിക്കുന്നയാളുമാണ് വിഷ്ണു.
ഗുഡ് വൈബ് ദേവുവിനെ തളര്‍ത്തിയ ആദ്യ ആഴ്ചയിലെ വിഷ്ണുവിന്റെ വഴക്ക് ഇയാള്‍ക്ക് ഏറെ ഫാന്‍ ബേസ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
അദ്യത്തെ വഴക്കിന് ശേഷം വിഷ്ണുവും ദേവുവും വളരെ ചങ്ങാതിമാര്‍ എന്ന നിലയിലാണ് പെരുമാറിയത്.
രാവിലെയും വൈകീട്ടും ദേവു വിഷ്ണുവില് നിന്നും ഹഗ്ഗ് ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു.
എന്നാല്‍ വീക്കിലി എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴാണ് കാര്യം മാറിയത്. വിഷ്ണുവിനോട് ഗെയിമില്‍ ശ്രദ്ധിക്കാന്‍ പറയുകയുണ്ടായി മോഹന്‍ലാല്‍.
ഇതോടെ വിഷ്ണു ദേവുവിൽ നിന്ന് ഒരു ദൂരം പാലിച്ചാണ് പെരുമാറിയിരുന്നത്. പലപ്പോഴും ദേവു വിഷ്ണു ചങ്ങാത്തം ഒരു ഗെയിം ആണോ എന്ന് പ്രേക്ഷകര്‍ സംശയിക്കുകയും അത് ബിഗ്ബോസ് ചര്‍ച്ച നടക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തതിന് പിന്നാലെയാണ് വിഷ്ണുവിന്റെ നീക്കം.
അതിന് പിന്നാലെ ഈ വിഷ്ണുവിന്റെ ഒഴിഞ്ഞുമാറ്റം ദേവുവിന് മാനസികമായ പ്രയാസം ഉണ്ടാക്കിയെന്ന് തോന്നിക്കുന്ന സംഭവങ്ങളാണ് ബിഗ്ബോസ് വീട്ടില്‍ നടക്കുന്നത്.
അതിന്റെ കേന്ദ്രം ദേവു തന്നെയാണ്. വീട്ടില്‍ തന്റെ സര്‍ക്കിളില്‍ പെടുന്നവരെ എല്ലാം തേടിപ്പിടിച്ച് തന്റെയും വിഷ്ണുവിന്റെയും പ്രശ്നം പറയുകയാണ് ദേവു.
മനീഷ, ഷിജു, ശോഭ എന്നീ മുതിര്‍ന്ന അംഗങ്ങളോടും, സെറീനയോടും ദേവു തന്റെ ഇതിലെ പ്രശ്നം പറയുന്നുണ്ട്. എല്ലാവരോടും ഒരേ കാര്യമാണ് ദേവു പറയുന്നത് എന്നതാണ് രസകരം.
ഞാന്‍ വളരെ കോണ്ഫിഡന്റാണ്, അവനോട് എനിക്കൊരു ബന്ധവും ഇല്ല. എന്നാല്‍ അവന് അകലം കാണിക്കുന്നു.
ഇതില്‍ പരിഹാരം വേണമെന്നാണ് ദേവുവിന്റെ വാദം. ഇവരെല്ലാം ഉപദേശം കൊടുക്കുന്നു. ശ്രുതിയോടും തന്റെ വിഷയം ദേവു പറയുന്നുണ്ട്.
ഞാൻ അവന്റെ പുറകെയാണ് 40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കുന്നു എന്നൊരു സാധനമാണ് ഇവിടെ എല്ലായിടത്തും കറങ്ങി നടക്കുന്നത്.
അങ്ങനെയുണ്ടെന്ന രീതിയിലാണ് അഖില്‍ മാരാർ അടക്കം എന്നോട് സംസാരിച്ചത്. പുറത്തായിരുന്നെങ്കിൽ അവന്റെ മൂക്കിടിച്ച് പരത്തിയേനെ എന്നാണ് ശ്രീദേവി ശ്രുതി ലക്ഷ്മിയോട് പറയുന്നത്.
എന്നാല്‍ ഇതെല്ലാം ദേവുവിന്റെ തന്ത്രത്തിന്റെ ഭാഗമാണ് എന്ന വിലയിരുത്തലുകള്‍ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്നുണ്ട്.
വിഷ്ണുവിനെതിരെ കായികമായി മത്സരിക്കാന്‍ കഴിയാത്ത ദേവു മൈന്റ് ഗെയിം കളിക്കുന്നു എന്നാണ് ദേവുവിന്റെ ആരാധകരുടെ വാദം.
എന്നാല്‍ ഒരു ലൌ ലൈന്‍ പിടിക്കുക വഴി തന്റെ നിലനില്‍പ്പിന് ശ്രമിക്കുകയാണ് ദേവു എന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്തായാലും ദേവു വിഷ്ണു വിഷയം വരും ദിവസങ്ങളിലും ബിഗ്ബോസ് വീട്ടില്‍ തീപിടിക്കുന്ന വിഷയമാകും.