തിരുവനന്തപുരം: അന്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച് സോഷ്യൽ മീഡിയയിൽ താരമായ ദേവു ചന്ദനയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കലാകേരളം.
അച്ഛൻ മരിച്ച വിവരം അറിയാതെ അബോധാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ കഴിയുകയാണ് ആലപ്പുഴ നൂറനാട് സ്വദേശിനിയായ ഈ 9 വയസ്സുകാരി. ദേവു ചന്ദനയുടെ പിതാവ് ചന്ദ്രബാബു (44) വിനെ ഇന്നലെ രാവിലെ ആശുപത്രിയിലെ നഴ്സിംഗ് കോളജ് കെട്ടിടത്തിനു സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവു ചന്ദനയുടെ നില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ ചന്ദ്രബാബുവിനെ അറിയിച്ചിരുന്നു. കുറച്ചുകാലം മുന്പ് ചന്ദ്രബാബുവിനുണ്ടായ ഇളയകുട്ടി പ്രസവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മരിച്ചുപോയി. ദേവു ചന്ദനയുടെ രോഗവവിരം കൂടി അറിഞ്ഞപ്പോൾ ചന്ദ്രബാബു തളർന്നു പോയതായി ബന്ധുക്കൾ പറഞ്ഞു.
തലച്ചോറിലെ വൈറസ് ബാധയാണ് ദേവു ചന്ദനയുടെ ജീവൻ അപകടത്തിൽ ആക്കിയത്. ഒരു പനിയിലായിരുന്നു തുടക്കം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ദേവു ചന്ദന ചികിത്സയിലാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന രോഗമാണ് ദേവു ചന്ദനയെ ബാധിച്ചിരിക്കുന്നത്.
ദേവുവിന് വിദഗ്ധമായ ചികിത്സ നൽകുന്നുണ്ടെങ്കിലും രോഗത്തിന്റെ യഥാർത്ഥ കാരണം അജ്ഞാതമാണ് എന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ പറഞ്ഞു. ദേവു ചന്ദനയെ ഇപ്പോൾ വെൻറിലേറ്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും അബോധാവസ്ഥയിലുള്ള കുട്ടിക്ക് ജന്നിയും കൂടി ഇടയ്ക്കിടെ വരുന്നുണ്ട്.
ചികിത്സയെ താളം തെറ്റിച്ചുകൊണ്ടാണ് ഇടയ്ക്കിടെ ജന്നി വരുന്നത്. ഈ പ്രശ്നമാണ് ഡോക്ടർമാരെ ആശങ്കയിലാക്കിയിരിക്കുന്നത്. ദേവു ചന്ദനയുടെ ശരീര സ്രവങ്ങളുടെ വിദഗ്ധമായ പരിശോധനയ്ക്ക് വേണ്ടി അന്യസംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെങ്കിലും അതിന്റെ പരിശോധനാഫലം വന്നിട്ടില്ല.
നിലവിൽ തലച്ചോറിനെ മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത് എങ്കിലും ഈ അവസ്ഥ തുടർന്നാൽ മറ്റ് അവയവങ്ങളെയും രോഗം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ദേവു ചന്ദനയുടെ മുത്തശ്ശിയാണ് ഇപ്പോൾ ആശുപത്രിയിൽ കുട്ടിക്ക് അരികിൽ ഉള്ളത്. ദേവു ചന്ദനയുടെ ജീവനുവേണ്ടിയുള്ള പ്രാർഥനയിലാണ് ഇപ്പോൾ കേരളം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ദേവു ചന്ദനയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത്.