ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.
സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്.
ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല രീതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്നു എഡിജിപി എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി.കുറെ അധികം തെറ്റുകള്‍ ഉണ്ട്.
എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ വിവാദം അപ്രസക്തമാകുകയാണ്.
എന്നാല്‍ സുപ്രീം കോടതി വിധിയില്‍ സ്റ്റേ ഇല്ല. പുനപരിശോധന മാത്രമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ഏതായാലും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്ന് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഇതാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 28-09-2018 തീയതിയിലെ wp(c) 373/2016 വിധി ന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്-എന്നാണ് വിവാദമായ ഈ വാചകം.
അതായത് 12നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും തീര്‍ത്ഥാടനമാകാമെന്ന് വിശദീകരിക്കുകയാണ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഈ രേഖ പുറത്തു വിട്ടത്.