ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും പുറത്തെത്തിക്കുന്നതിൽ നേരിട്ട വൈഷമ്യങ്ങൾ രക്ഷാപ്രവർത്തകർ പങ്കുവച്ചു.
ചൊവ്വാഴ്ച എല്ലാ കുട്ടികളെയും പുറത്തെത്തിച്ചതിനു പിന്നാലെ വെള്ളം വറ്റിക്കാനുള്ള പന്പുകൾ നിലച്ചത് വലിയ ദുരന്തത്തിനു വഴിവയ്ക്കുന്നതായിരുന്നു. ഭാഗ്യംകൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നത്.
കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചെങ്കിലും രക്ഷാപ്രവർത്തകർ ഗുഹയിൽ തുടർന്നു. ഒന്നര കിലോമീറ്റർ ഉള്ളിൽ ചേന്പർ ത്രീ എന്ന ഭാഗത്തു സ്ഥാപിച്ചിരുന്ന വിവിധ ഉപകരണങ്ങൾ നീക്കം ചെയ്യുകയെന്ന ജോലി ഇവർക്കു ബാക്കിയുണ്ടായിരുന്നു.
ഈ സമയത്താണ് പന്പുകൾ നിലച്ചത്. ക്രമേണ ജലനിരപ്പ് ഉയർന്ന് രക്ഷാപ്രവർത്തകർ അപകടത്തിലാകാനുള്ള സാധ്യതയാണ് ഉടലെടുത്തത്. എന്നാൽ പകച്ചുനിൽക്കാതെ എല്ലാവരും ഓടി ഗുഹയ്ക്കു പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
കുട്ടികളെ പുറത്തെത്തിച്ചതു മയക്കിക്കിടത്തി
ബാങ്കോക്ക്: തം ലുവാംഗ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചത് മരുന്നു നല്കി മയക്കിക്കിടത്തി. ചേംബർ ത്രീ എന്നു വിളിക്കപ്പെടുന്ന സ്ഥലം മുതലാണ് കുട്ടികളെ മയക്കിക്കിടത്തിയത്. അതുവരെയുള്ള ദൂരം പിന്നിട്ടത് ബഡ്ഡി ഡൈവിംഗിലൂടെയും.
ചേംബർ ത്രീ മുതൽ ഗുഹാകവാടം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം വെള്ളം വറ്റിച്ചും ചെളി കോരിക്കളഞ്ഞും നടക്കാൻ യോഗ്യമാക്കിയിരുന്നു. കുട്ടികൾ ഇവിടെയെത്തിയപ്പോൾ സ്ട്രെച്ചറിൽ കിടത്തി മരുന്നു നല്കി മയക്കിയാണ് പുറത്തെത്തിച്ചത്. അപ്പോഴും ഓക്സിജൻ മാസ്ക് ഊരിമാറ്റിയിരുന്നില്ല.
ഭാരം കുറഞ്ഞു; മാനസികധൈര്യം കുറഞ്ഞില്ല
ബാങ്കോക്ക്: രണ്ടര ആഴ്ച നീണ്ട ദുരനുഭവം താണ്ടിയപ്പോൾ കുട്ടികളുടെ ഭാരം ചെറുതായി കുറഞ്ഞെന്ന് തായ്ലൻഡ് അധികൃതർ അറിയിച്ചു. ജൂൺ 23ന് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പത്തു ദിവത്തിനുശേഷമാണ് കണ്ടെത്തുന്നത്. അതുവരെ കാര്യമായ ഭക്ഷണമില്ലാതിരുന്നതാണ് കുട്ടികളുടെ ഭാരം കുറയാൻ കാരണം. ഏതാനും കുട്ടികൾക്ക് നെഞ്ചിൽ ചെറുതായി അണുബാധ ഉണ്ടായിട്ടുണ്ടെന്നു വൈദ്യവൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ കുട്ടികൾ പിന്നിലായിരുന്നില്ല.
അതേസമയം രണ്ടര ആഴ്ച, അതിൽതന്നെ ആദ്യ പത്തുദിനം ഇനി പുറം ലോകം കാണാൻ പറ്റുമോയെന്ന ആശങ്കയിൽ ഗുഹയിൽ കഴിഞ്ഞ കുട്ടികളുടെ മാനസികധൈര്യം പ്രശംസനീയമാണെന്നും തായ് അധികൃതർ പറഞ്ഞു. കൂരിരുട്ടിൽ വിശപ്പു സഹിച്ചാണ് പത്തുദിവസം അവർ കഴിഞ്ഞത്. ഈ അതിജീവനം സമാനതകളില്ലാത്തതാണ്. ആശുപ ത്രിയിൽ കഴിയുന്ന കുട്ടികളുടെ വീഡിയോ തായ് അധികൃ തർ പുറത്തുവിട്ടിട്ടുണ്ട്.
നൊന്പരമായി വീണ്ടുമൊരു വിയോഗം
സിഡ്നി: തായ്ലൻഡിലെ വിജയാഘോഷത്തിനിടെ നൊന്പരമായി മറ്റൊരു വിയോഗവാർത്ത. കയ്യും മെയ്യും മറന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓസ്ട്രേലിയൻ ഡോക്ടർ റിച്ചാർഡ് ഹാരിസിന്റെ പിതാവാണ് അന്തരിച്ചത്. രക്ഷാദൗത്യം പൂർത്തിയായതിനു പിന്നാലെ ഓസ്ട്രേലിയയിലായിരുന്നു അന്ത്യം.
തം ലുവാംഗ് ഗുഹയിൽനിന്ന് അവസാനം പുറത്തിറങ്ങിയ രക്ഷാപ്രവർത്തകരിലൊരാണ് ഡോ. ഹാരിസ്. ഗുഹയ്ക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയതിനു പിന്നാലെ മൂന്നുദിവസം അദ്ദേഹം അവർക്കൊപ്പം ചെലവഴിച്ചിരുന്നു. ഏറ്റവും ആരോഗ്യം കുറഞ്ഞ കുട്ടിയെ ആദ്യം പുറത്തെത്തിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതും അദ്ദേഹമായിരുന്നു.
ഗുഹയ്ക്കുള്ളിലെ മുങ്ങാംകുഴിയിടലിൽ വിദഗ്ധനാണ് ഡോ. ഹാരിസ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ചൈന എന്നിവടങ്ങളിലെ നിരവധി ഗുഹകളിൽ സാഹസികകൃത്യങ്ങൾ നടത്തുകയും പല രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തിട്ടുണ്ട്.
അവധി ആഘോഷിക്കാനാണ് തായ്ലൻഡിൽ എത്തിയത്. ഡോ. ഹാരിസ് ഇവിടെ ഉണ്ടെന്നറിഞ്ഞ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണ് അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് തായ് അധികൃതർക്കു നിർദേശം വച്ചത്. സഹായാഭ്യർഥന ലഭിച്ചാൽ മുൻപിൻ നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നയാളാണ് ഹാരിസെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഡോ. ഹാരിസിനു കൃതജ്ഞതാ സന്ദേശങ്ങൾ ഒഴുകുകയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ‘ഓസ്ട്രേലിയൻ ഓഫ് ദ ഇയർ’ ഡോ. ഹാരിക്കു നല്കണമെന്ന അഭിപ്രായവും ശക്തമായി.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സമാൻ ഗുണാൻ എന്ന മുൻ തായ് നാവികസേനാ മുങ്ങൽവിദഗ്ധൻ പ്രാണവായു കിട്ടാതെ മരിച്ചിരുന്നു.