കെ.കെ. അർജുനൻ
അയ്യന്തോൾ: തൃശൂർ കളക്ടറേറ്റിനു മുന്നിലെ വലിയ മരത്തിലും ശക്തൻ നഗറിലും ചേക്കേറിയിട്ടുള്ള പക്ഷിക്കൂട്ടങ്ങളുടെ കാഷ്ഠം മനുഷ്യർക്കു ഹാനികരമാണോ എന്ന പഠനവുമായി പാലക്കാട് ഒറ്റപ്പാലം സ്വദേശിനി.
വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിന്റെ കീഴിൽ എം.എസ്. വൈൽഡ് ലൈഫ് സ്റ്റഡീസിനു പഠിക്കുന്ന ആര്യ വൈനദേയൻ എന്ന വിദ്യാർഥിനിയാണു കാഷ്ഠത്തിൽ ദോഷകരമായ എന്തെങ്കിലുമുണ്ടോ എന്ന് കോഴ്സിന്റെ ഭാഗമായി പഠനഗവേഷണം നടത്തുന്നത്.
ആറുമാസം കൊണ്ട് സമർപ്പിക്കേണ്ട പ്രൊജക്ടിന്റെ ഗവേഷണം തുടങ്ങിക്കഴിഞ്ഞു.
തൃശൂർ ശക്തൻ നഗറിലും അയ്യന്തോളിലുമുള്ള വലിയ മരങ്ങളിൽ കൂടൂകൂട്ടിയിരിക്കുന്ന ഈ പക്ഷികൾ ഹെറോണറി ബേർഡ്സ് അഥവാ കൊറ്റിലങ്ങൾ എന്നാണറിയപ്പെടുന്നത്.
മനുഷ്യവാസകേന്ദ്രങ്ങളോടു ചേർന്നാണ് ഇവ കൂടുകൂട്ടാറുള്ളതെന്നതിനാൽ ഇവയുടെ വിസർജ്യം മനുഷ്യർക്ക് ഏതെങ്കിലും തരത്തിൽ ദോഷകരമാകുമോ എന്ന ഗവേ ഷണമാണ് ആര്യ നടത്തുന്നത്.
തൃശൂർ അയ്യന്തോൾ, ശക്തൻ നഗർ, ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ഈ പക്ഷികളുടെ കാഷ്ഠത്തിന്റെ സാന്പിളുകൾ ശേഖരിച്ച് റിസർച്ച് ആരംഭിച്ചു. അറുപതോളം സാന്പിളുകളിലാണു ഗവേഷണം നടത്തുന്നത്.
ഡിസംബർ - ജനുവരി മാസത്തിലേ ഗവേഷണത്തിന്റെ അന്തിമഫലം വരികയുള്ളൂ. എന്നാൽ, ഇപ്പോൾ നടത്തിയ പഠനത്തിൽ മറ്റുപക്ഷികളിലെന്ന പോലെ കൊറ്റിലങ്ങളുടെ കാഷ്ഠത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു.
ഇവ ജനിതകമാറ്റം സംഭവിച്ച് മനുഷ്യർക്കു ദോഷമാകുമോ എന്ന പഠനമാണ് ആര്യ നടത്തുന്നത്.
മുൻപ് ചില പക്ഷികളുടെ വിസർജ്യം പഠനവിധേയമാക്കിയപ്പോൾ അവയിലെ ഇ കോളി ബാക്ടീരിയ മനുഷ്യർക്കു ഹാനികരമാകുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ശക്തൻ നഗറിലുമെല്ലാം പാർക്കു ചെയ്യുന്ന വാഹനങ്ങളിലും അയ്യന്തോൾ കളക്ടറേറ്റ് പരിസരത്ത് ബസു കാത്തുനിൽക്കുന്നവരുടെ ശരീരത്തിലുമെല്ലാം ഈ പക്ഷികൾ സ്ഥിരമായി കാഷ്ഠിക്കാറുണ്ട്.
പല വണ്ടികളും രാവിലെ പാർക്കുചെയ്ത് വൈകീട്ട് എടുക്കുന്പോഴേക്കും കാഷ്ഠത്താൽ നിറഞ്ഞിരിക്കും.
റോഡ് വികസനമടക്കമുളള കാര്യങ്ങൾക്കായി വൻതോതിൽ വലിയ മരങ്ങൾ മുറിച്ചു മാറ്റുന്നതോടെ കൊറ്റിലങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെന്നും ആര്യ പറയുന്നു.
അതേ സമയം കൊല്ലം ജില്ലയിൽ തെങ്ങിലും തേക്കുമരത്തിലും കൊക്കിലങ്ങൾ കൂടുകൂട്ടുന്ന കൗതുകവും ഉണ്ടെന്ന് ആര്യ പറഞ്ഞു.