ലോക്ക്ഡൗണിന്റെ വിരസതയും മാനസിക സമ്മർദവും മറികടക്കാൻ പ്രകൃതിയിലേക്കിറങ്ങിയ നിരീക്ഷകർ കണ്ടെത്തിയതു ജൈവവൈവിധ്യത്തിന്റെ അദ്ഭുതലോകം. കാടുംമേടും താണ്ടുന്നതിനു വിലക്കായപ്പോൾ വീടും തൊടികളും ചുറ്റിപ്പറ്റിയായിരുന്നു പക്ഷി-ജീവജാല നിരീക്ഷണം.
വിവിധ ജില്ലകളിലെ 220ൽപരം പ്രകൃതിനിരീക്ഷകരുടെ 6400ൽപരം നിരീക്ഷണങ്ങളിൽ 38 ശതമാനം ചിത്രങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കണ്ടെത്തിയത് 151 ഇനം പക്ഷികൾ, 113 ഇനം പൂന്പാറ്റകൾ, 74 ഇനം തുന്പികൾ, 85 ഇനം ചിലന്തികൾ, 475 സസ്യങ്ങൾ… ജൈവ വൈവിധ്യത്തിന്റെ ആഘോഷത്തിൽ കാമറയിലായത് ആനയും മുള്ളൻപന്നിയും തുടങ്ങി ഉറുന്പും കൂണുംവരെ നീളുന്ന ജൈവവൈവിധ്യത്തിന്റെ കലവറ.
ചുറ്റുമുള്ള ജൈവവൈവിധ്യം നിരീക്ഷിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും അവസരം നൽകുന്ന ബാക്ക്യാഡ് ബയോബ്ലിറ്റ്സ് എന്ന സിറ്റിസണ്‍ സയൻസ് സംരംഭമാണ് നിരീക്ഷണങ്ങൾക്കു നേതൃത്വം നല്‍കിയത്.
കൂടുതൽ നിരീക്ഷണങ്ങൾ
ഏഴുപുന്ന സ്വദേശിയായ രഞ്ജുവാണ് ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയതും കൂടുതൽ സ്പീഷീസുകളെ ഡോക്യുമെന്റ് ചെയ്തതും. 627 നിരീക്ഷണങ്ങളിൽനിന്നായി 307 സ്പീഷീസുകളെ രഞ്ജു രേഖപ്പെടുത്തി.
മറയൂരിൽനിന്നു മഹേഷ് മാത്യുവും ഏഴിമലയിൽനിന്നു മനോജും കോതമംഗലത്തുനിന്നു രഞ്ജിത്ത് ജേക്കബ് മാത്യൂസും വെള്ളാങ്ങല്ലൂരിൽനിന്നു റെയ്സണ്‍ തുന്പൂരും ചേർത്തലയിലെ വീട്ടമ്മയായ എ.വി.
പ്രിയയും കാക്കനാടുനിന്നു ജീവികളുടെ മാക്രോ ഫോട്ടോകളുമായി സണ്ണി ജോസഫും കാസർഗോഡ് കുന്പളയിലെ സ്കൂൾ അധ്യാപകനായ രാജു കിദൂരും തൃശൂർ മുളങ്കുന്നത്തുകാവിൽനിന്ന് ആദിലും തുടങ്ങി ഇരുനൂറോളം പ്രകൃതിനിരീക്ഷകരാണു സർവേയുടെ ഭാഗമായത്.
വീട്ടുപറന്പിൽനിന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓന്ത്, പുളിയുറുന്പ്, നാട്ടുനിലത്തൻ തുന്പി, സ്വാമിത്തുന്പി, മണ്ണാത്തിപ്പുള്ള്, മഞ്ഞത്തേൻകിളി തുടങ്ങിയവയാണ്.
അപൂർവമായ കാട്ടുമരതകൻ തുന്പിയും ചെന്പൻ മരംകൊത്തിയും മരമിന്നൻ ശലഭവും (Hyarotis adrastus), കോഴിക്കാട, കൊന്പൻകുയിൽ (Clamator jacobinus), നീലമാറൻ കുളക്കോഴി, നീർനായ, മലയണ്ണാൻ, കാട്ടുപൂച്ച എന്നിവയും ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുന്നുള്ള നിരീക്ഷണങ്ങളിൽ രേഖപ്പെടുത്തി.
1334 നിരീക്ഷണവും 638 സ്പീഷീസുമായി ആലപ്പുഴയും, 1059 നിരീ ക്ഷണവും 513 സ്പീഷീസുമായി തൃശൂരും, 933 നിരീക്ഷണവും 413 സ്പീഷീസുമായി എറണാകുളവും, 910 നിരീക്ഷണവും 403 സ്പീഷീസുമായി ഇടുക്കിയും കാന്പയിനിൽ സാന്നിധ്യമായി.
നമ്മുടെ നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ജൈവവൈവിധ്യങ്ങൾക്കു പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. സർവേകളും മറ്റും സംഘടിപ്പിക്കുന്നത് ഒരു പ്രത്യേക മേഖലയിൽ ഒരു പ്രത്യേക ജീവിവർഗത്തെ കേന്ദ്രീകരിച്ചായിരിക്കും.
ഇവയെല്ലാം ഡാറ്റാ സ്വഭാവത്തിലോ റിപ്പോർട്ടുകളായോപോലും പബ്ലിക് ഡൊമൈനിൽ ലഭ്യമാകാറില്ല. കേരളത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജൈവവൈവിധ്യം ഡോക്യുമെന്റ് ചെയ്യാനുള്ള ഇങ്ങനെയുള്ള ജനകീയ ശ്രമം ഇതാദ്യമാണ്.
കൂടുതൽ ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിവിധ സംഘടനകളുടെ നെറ്റ്വർക്കിലൂടെ കൂടുതൽ വിപുലമായ ജൈവവൈധ്യനിരീക്ഷണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘാടകർ പറഞ്ഞു.
നിങ്ങൾക്കും പടം നൽകാം
ലോക്ക്ഡൗണ്‍ വിരസത ഒഴിവാക്കാനാണ് തൊടിയിലേക്കു കാമറയുമായി ഇറങ്ങിയത്. ഒട്ടേറെ കൂട്ടുകാരും ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്ട്സാപ്പ് സ്റ്റാറ്റസായുമൊക്കെ പോസ്റ്റ് ചെയ്തുകണ്ടു.
ഇത്തരം നിരീക്ഷണങ്ങൾ ഒരുമിച്ച് ഒരു സ്ഥലത്തു ശാസ്ത്രീയമായി രേഖപ്പെടുത്തിക്കൂടെ എന്ന അന്വേഷണമാണ് “ഐ നാച്ചുറലിസ്റ്റ്’’ എന്ന പ്ലാറ്റ്ഫോമിലേക്കെത്തിച്ചത്. ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണത്.
ക്രിയേറ്റീവ് കോമണ്‍സ് ലൈസൻസിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷിനിരീക്ഷകനും ബാക്ക്യാഡ് ബയോബ്ലിറ്റ്സിന്റെ കോ-ഒാർഡിനേറ്ററുമായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.
സെബി മാളിയേക്കൽ