തൃശൂർ: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കോടതി മധ്യവയസ്കനു പത്തുവർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
വീടിനടുത്ത കംപ്യൂട്ടർ സെന്ററിലേക്കു നടന്നുപോയിരുന്ന 15 വയസുകാരിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് വെള്ളിക്കുളങ്ങര മോനൊടി പോട്ടോപറന്പിൽ ലാലു(52)വിനെ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.
2012 മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിദ്യാർഥിനിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ച് ഫോട്ടോയെടുത്തത്. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി.
സംശയം തോന്നി പെണ്‍കുട്ടിയോട് അധ്യാപികമാർ കൗണ്‍സലിംഗിനിടെ വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് നടപടിയുണ്ടായത്. 2013 ഡിസംബറിൽ പോലീസിൽ പരാതി നൽകി.
വെള്ളിക്കുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. പരാതി നൽകിയ വിരോധത്തിൽ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയുടെ ബന്ധു ദേഹോപദ്രവം ഏല്പിച്ചിരുന്നു. ഇതിനു മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ കുട്ടിയുടെ മൊഴി വിശ്വസിക്കാവുന്ന സാഹചര്യങ്ങൾ സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു.
മകളുടെ പ്രായമുള്ള കുട്ടിയെ ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ പ്രതി ദയ അർഹിക്കുന്നില്ലെന്നു പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു വാദിച്ചു.