കോട്ടയം: കേസന്വേഷണവും പ്രതിയെ പിടിക്കലും ഗതാഗത നിയന്ത്രണവും മാത്രമല്ല, നല്ല കിടിലൻ കാന്റീൻ നടത്താനും പോലീസിന് അറിയാം.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ വളപ്പിലാണ് രുചികരമായ ഭക്ഷണവുമായി പോലീസ് കാന്റീൻ പ്രവർത്തിക്കുന്നത്. നേരത്തെ ഇവിടുണ്ടായിരുന്ന കാന്റീൻ നവീകരിച്ചു കഴിഞ്ഞ ദിവസമാണു പ്രവർത്തനം തുടങ്ങിയത്.
2007 ൽ നിർമിച്ച കാന്റീൻ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണു പുതുക്കി പണിതത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ 80 പേർ 2000 രൂപവീതം സമാഹരിച്ചു. ബാക്കി തുക കമ്മിറ്റിയംഗങ്ങൾ പോലീസ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്തു.
കോട്ടയത്തെ പ്രമുഖ ഇന്റീരിയർ സ്ഥാപനമായ ഹെവൻസ് ഇന്റീരിയർ ഉടമ എസ്. രാജേഷിന്റെ നേതൃത്വത്തിൽ സൗജന്യമായി കെട്ടിടം മനോഹരമാക്കി. ഓപ്പണ്‍ അടുക്കളയും നിർമിച്ചു. ഇതോടെ കാന്റീനു ന്യൂജൻ മോഡലായി.
രാവിലെ ചായയും പലഹാരവുമുൾപ്പെടെ കാന്റീനിലുണ്ട്. ഉച്ചയ്ക്ക് മീൻകറിയും കൂട്ടി ഉൗണ്. ചിക്കൻ, ബീഫ്, മീൻ വിഭവങ്ങളും തയാർ. വൈകുന്നേരം നാലുമുതൽ അൽഫാം, ബാർബിക്യു തുടങ്ങിയവയുമുണ്ട്.
എല്ലാത്തിനും മിതമായ നിരക്കുമാത്രം. കോടിമത ബോട്ട്ജെട്ടിക്കടുത്തായതിനാൽ യാത്രക്കാർക്കും പോലീസ് കാന്റീൻ വിഭവങ്ങളുടെ രുചി നുകരാനാകും.
അടുത്ത നാളിലാണു കോടിമതയെ സംസ്ഥാന സർക്കാർ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. കെടിഡിസിയുടെ ബോട്ട് സർവീസ്, വാട്ടർ പാർക്ക്, റിവർ വാക്ക് റാന്പ് എന്നിവയെല്ലാം ഇവിടെയുണ്ട്.
ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി കാന്റീൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണു പോലീസ് ലക്ഷ്യമിടുന്നത്. കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എസ്. സന്തോഷ്, കെ.ടി. അനസ്, കെ.എം. ഷാജിമോൻ, സാബു എ. സണ്ണി, സി.ഒ. സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കാന്റീന്റെ പ്രവർത്തനം.
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ഉപജീവനമാർഗം ഒരുക്കിയും പോലീസ് മാതൃകയായി
കോട്ടയം: കോവിഡ് മൂലം ഗൾഫിലേക്കുള്ള മടക്കയാത്ര വഴിമുട്ടിച്ചപ്പോൾ ഉപജീവനത്തിന് വഴിയൊരുക്കിയും പോലീസ് മാതൃകയായി. വെച്ചൂർ സ്വദേശികളായ റെസ്റ്റിൻ പോളിനും ബിനോയി വർഗീസും നാട്ടിൽ ജോലി അന്വേഷിക്കുന്നതിനിടെയാണ് പോലീസ് കാന്റീനിലേക്ക് ഷെഫുമാരായി വിളിക്കുന്നത്.
ഏഴുവർഷം ഗൾഫിലെ യുഎസ് നേവി ക്യാന്പിൽ പാചകക്കാരനായിരുന്നു റെസ്റ്റിൻ പോൾ. നാട്ടിലെത്തി അവധികഴിഞ്ഞ് മടങ്ങാനിരിക്കവെ കോവിഡ് വ്യാപനമായി. മടങ്ങിയെത്താൻ ക്യാന്പിൽനിന്ന് വിളിവന്നെങ്കിലും പോകാൻ പറ്റിയില്ല.
ഈ സമയത്താണ് പോലീസ് കാന്റീനിൽ ജോലി ലഭിക്കുന്നത്. ബഹറിനിലെ പ്രമുഖ ഹോട്ടലിലെ ഷെഫായിരുന്ന ബിനോയി വർഗീസിനും കോവിഡിനെ തുടർന്ന് ഹോട്ടലിലെ ജോലി നഷ്ടപ്പെടുകയായിരുന്നു. ഇന്നു പോലീസ് കാന്റീനിലെത്തുന്നവർക്ക് രുചിയൂറും വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഇരുവരും.