കോട്ടയം: മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുവേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്ന ആൽകോ സ്കാൻ വാൻ എത്തുന്നു.
പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും ആശുപത്രിയിൽ പോകാതെ ഈ വാനിൽതന്നെ വേഗത്തിൽ പരിശോധിക്കാനാകും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും.
ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്തുതന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി.
പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.
റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.