കൊച്ചി: സംസ്ഥാനത്തു ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളിൽ സത്യസന്ധമായാണ് അന്വേഷണം നടത്തിയതെന്നും പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണു കൊലകൾക്കു കാരണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയിൽ അറിയിച്ചു. കേസന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകാര്യം സ്വദേശി രാജേഷ് കൊല്ലപ്പെട്ട കേസിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏഴ് കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരകസമിതി നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. ഹർജിയുമായി ബന്ധപ്പെട്ട ഏഴ് കേസുകളുടെ സ്ഥിതി ഇങ്ങനെ:
1. രമിത്ത് വധക്കേസ്: ധർമടം പോലീസ് കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തു. ആറു പേർ ഒളിവിൽ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകി.
2. സന്തോഷ് കുമാർ വധക്കേസ്: ധർമടം പോലീസ് എട്ടു പ്രതികളെ അറസ്റ്റു ചെയ്തു. 2017 ഏപ്രിൽ 12 ന് കുറ്റപത്രം നൽകി.
3. രാമചന്ദ്രൻ വധക്കേസ്: പയ്യന്നൂർ പോലീസ് എട്ടു പ്രതികളെയും അറസ്റ്റ് ചെയ്തു. കുറ്റപത്രം നൽകി.
4. ബിജു വധക്കേസ്: പയ്യന്നൂർ പോലീസ് കേസിലെ 12 പ്രതികളെയും അറസ്റ്റ് ചെയ്തു. പയ്യന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
5. രാധാകൃഷ്ണൻ-വിമല വധക്കേസ്: പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ഫലപ്രദമായി നടക്കുന്നു.
6. രവീന്ദ്രൻപിള്ള വധക്കേസ്: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ക്ഷേത്രോത്സവത്തിൽ സംഘർഷത്തിനിടെയാണു റിട്ട. എസ്ഐയായ രവീന്ദ്രൻപിള്ള ആക്രമിക്കപ്പെട്ടത്.
പിന്നീട് ആശുപത്രിയിൽ മരിച്ചു. 22 പ്രതികളെ കേസിൽ തിരിച്ചറഞ്ഞു. 12 പേർ അറസ്റ്റിലായി. അന്വേഷണം നടക്കുന്നു.
7. രാജേഷ് വധക്കേസ്: ശ്രീകാര്യം പോലീസ് ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. കുറ്റപത്രം നൽകി.
വിചാരണ തുടങ്ങാനിരിക്കുകയാണ്.