ലക്നോ: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നിഷേധിക്കുന്നതടക്കം കടുത്ത നിബന്ധനകളുമായി ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ നിയമ കരട്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക്, സർക്കാർ ജോലി, ജോലിക്കയറ്റം എന്നിവ നിഷേധിക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം.
ഇത് ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനോ ജോലിക്കയറ്റത്തിനോ സര്‍ക്കാര്‍ സബ്സിഡികള്‍ക്കോ അപേക്ഷിക്കാനാവില്ല. കൂടാതെ, അത്തരക്കാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കരട് വ്യവസ്ഥ ചെയ്യുന്നു.
രണ്ടു കുട്ടികള്‍ മാത്രമുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് കരട് പറയുന്നു. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സര്‍വീസ് കാലയളവില്‍ രണ്ട് തവണ പ്രത്യേക ശമ്പളവര്‍ധന.
മുഴുവന്‍ ശമ്പളത്തോടെ 12 മാസത്തെ പ്രസവാവധി തുടങ്ങിയവ ലഭിക്കും. ഒറ്റക്കുട്ടിയുളളവര്ക്ക് നാല് അധിക ഇന്‍ക്രിമെന്റാണ് വാഗ്ദാനം.
കൂടാതെ ഇത്തരം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനോ വാങ്ങുന്നതിനോ പലിശ കുറഞ്ഞ പ്രത്യേക ലോണ്‍ അനുവദിക്കും. ഒറ്റക്കുട്ടിയാണെങ്കിൽ 20 വയസുവരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും.
ജനസംഖ്യാ നിയന്ത്രണ നിയമം പാലിക്കാൻ ആരെയും നിര്‍ബന്ധിക്കില്ലെന്ന് നിയമ കമ്മീഷന് ചെയര്മാന് ആദിത്യ മിത്തല്‍ പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയിരിക്കുന്നതെന്ന് നിയമ കമ്മീഷന് പറയുന്നു.
എന്നാൽ ഒന്നിൽ കൂടുതൽ കുട്ടികളുള്ള മുസ്ലിം സമുദായത്തെ സർക്കാർ ജോലികളിൽനിന്നും ആനുകൂല്യങ്ങളിൽനിന്നും മാറ്റിനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.