പുതുക്കാട്: ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശിയരുടെ വാഹനങ്ങൾക്ക് സൗജന്യ യാത്രാപാസ് നിഷേധിച്ച സംഭവത്തിൽ വകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾപ്ലാസയുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ പുതിയ വാഹനങ്ങൾക്ക് പാസ് അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഭവം.
തദ്ദേശിയരുടെ ടോൾ തുക സർക്കർ നൽകുമെന്ന ഉത്തരവ് പാലിക്കാത്തത് ചൂണ്ടിക്കാട്ടി തൃശൂർ അഡ്വ. ജോസഫ് ടാജറ്റ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി. കമലാവർധന റാവുവിന്റെ പേരിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് വാദം കേട്ടത്.
യാത്രാ സൗജന്യത്തിനുള്ള സർക്കാർ വിജ്ഞാപനം ഇപ്പോഴും നിലവിലുണ്ടെന്നും അതനുസരിക്കാൻ കരാർ കന്പനി ബാധ്യസ്തരാണെന്നും ഹർജിയിൽ പറയുന്നു.സ്മാർട്ട് കാർഡ് പുതുക്കാതെ ഫാസ്റ്റാഗ് ഉപയോഗിക്കാൻ യാത്രക്കാരെ നിർബന്ധിക്കുന്നത് അന്യായമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം