ന്യൂഡൽഹി: യാത്രക്കാർ കൂടുതലെന്നു കാരണം പറഞ്ഞ് എയർ ഇന്ത്യ വിമാനം പറന്നത് രണ്ടു യാത്രക്കാരെ കയറ്റാതെ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രാജ്കോട്ടിലേക്കു പോയ വിമാനത്തിലാണ് ബുക്ക് ചെയ്തിരുന്ന രണ്ടു പേരെ കയറ്റാത്തത്.
ലഭ്യമായ സീറ്റുകളേക്കാൾ പത്ത് ശതമാനം കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകിയിരുന്നു. അവസാന നിമിഷം യാത്ര റദ്ദാക്കിയാൽ അതു നികത്തുന്നതിനായാണ് ഈ അവസരം നൽകിയിരുന്നത്. എന്നാൽ, വെള്ളിയാഴ്ചത്തെ സർവീസിൽ യാത്രക്കാർ അധികമാണെന്നു കണ്ട് അധികമായവരെ വിമാനത്താവളത്തിലിരുത്തി വിമാനം പറക്കുകയായിരുന്നു.
ഇവർക്കു പകരം സംവിധാനം ഒരുക്കിയെന്ന് എയർ ഇന്ത്യ വക്താവ് അവകാശപ്പെട്ടു. യാത്രക്കാർ പ്രതിഷേധിച്ചതിനു ശേഷമാണ് മറ്റൊരു വിമാനത്തിൽ സൗകര്യമൊരുക്കാൻ എയർ ഇന്ത്യ തയാറായതെന്നാണു റിപ്പോർട്ടുകൾ.