കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലില്‍ നിന്നു പണം വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം.
കൊച്ചി മെട്രോ പോലീസ് സ്റ്റേഷന് സിഐ അനന്തലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് മാറ്റിയത്.
തട്ടിപ്പു കേസിലെ പ്രതിയില്‍ നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, വയനാട് മേപ്പാടി സിഐ എ.ബി. വിപിന്‍ 1.75 ലക്ഷം രൂപയും വാങ്ങിയതായി പിന്നീട് കണ്ടെത്തി.
മോന്‍സന്റെ തട്ടിപ്പ് പുറത്തു വരുന്നതിന് മുമ്പായിരുന്നു ഇരുവരും പണം വാങ്ങിയത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഇവരുവര്ക്കുമെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
പ്രതിയുടെ കൈയില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ഇതു കടമായി വാങ്ങിയതാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഉള്‍പ്പെട്ട മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കൂടിയാണ് അനന്തലാല്‍.