വീശിയടിക്കുന്ന കടൽക്കാറ്റിൽ ചുറ്റിത്തിരിയുന്ന 102 കാറ്റാടിയന്ത്രങ്ങൾക്കൊപ്പം 87 എണ്ണംകൂടി ചേർത്തപ്പോൾ വാൾനി എക്സ്റ്റൻഷൻ ലോകത്തിൽ കടലിലുള്ള കാറ്റാടിപ്പാടങ്ങളിൽ വലുപ്പത്തിൽ ഒന്നാമതെത്തി.
ഐറിഷ് കടലിൽ 145 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന കാറ്റാടിപ്പാടമാണിത്. കാറ്റാടിയന്ത്രങ്ങൾ തമ്മിലുള്ള അകലം 190 മീറ്റർ. 659 മെഗാവാട്ടിന്റെ ഈ പദ്ധതിക്ക് ആറു ലക്ഷം വീടുകളിൽ വൈദ്യുതിയെത്തിക്കാൻ കഴിയും.
ലണ്ടനിലെ തേംസ് എസ്റ്ററിയെ മറികടന്നാണ് വാൾനി എക്സ്റ്റൻഷൻ ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രീൻ എനർജിക്ക് പ്രാധാന്യം നല്കുന്ന സ്ഥാപനമായ ഒസ്റ്റഡാണ് വാൾനി എക്സ്റ്റൻഷന്റെ ഉടമ.