പൊന്നാനി അഴിമുഖത്ത് ഇപ്പോൾ കാണപ്പെടുന്ന മണൽത്തിട്ട എന്ന പ്രതിഭാസം പൊന്നാനി തീരദേശവാസികൾക്ക് പുതുമയുള്ള കാഴ്ച അല്ല. പുഴയിലൂടെ ഒഴുകിവരുന്ന എക്കൽ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്.
കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം മണൽത്തിട്ടകളിൽ നിരവധി മത്സ്യബന്ധന യാനങ്ങൾ തട്ടി തകർന്നിട്ടുണ്ട്. എന്നാൽ കടൽക്ഷോഭത്തിനു ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മാട് ( മണൽതിട്ട) രൂപപ്പെടാറാണ് പതിവ്.
എന്നാൽ ഇത്തവണത്തെ മഹാപ്രളയവും മലന്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണൽതിട്ട. ഇതാണ് യാഥാർഥ്യം എന്നിരിക്കെ മറ്റു ആശങ്കകളൊന്നും ഇതിനെ ചൊല്ലി ആരും ധരിക്കേണ്ട.
പുലർച്ചെ അഞ്ചുമണിക്കും വൈകിട്ട് അഞ്ചു മണിക്കും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റ സമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു വരുത്തും.
2009 ലോ 2010 ലോ ആണ് ഇത്തരം ഒരു അപകടം ഉണ്ടായത്. ഒരു പെരുന്നാൾ ദിനത്തിൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശേരിയ്ക്കു സമീപത്തെ നെല്ലായ പ്രദേശത്തുള്ള ഏതാനും യുവാക്കൾ ഇതുപോലെ മണൽതിട്ട ലക്ഷ്യമാക്കി വെള്ളത്തിലൂടെ കയറുകയും തിരിച്ചു വരുന്ന സമയത്ത് വേലിയേറ്റം കൂടുകയും ഇതിലൊരാൾ ഒഴുക്കിൽപ്പെട്ട് മരിക്കുകയും ചെയ്തു.
വേലിയേറ്റ സമയങ്ങളിൽ മണൽതിട്ടയിലൂടെ അശ്രദ്ധയോടെ സഞ്ചരിക്കാതിരിക്കുക.ന്ധദയവ് ചെയ്ത് അപകടം വിളിച്ചു വരുത്താതിരിക്കുക.