മാനന്തവാടി: ഹണി ട്രാപ്പിൽപ്പെടുത്തി കാസർഗോട് ചട്ടഞ്ചാലിലെ യുവവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നൂർ പെരുന്പ സ്വദേശിക്കായി പോലീസ് തെരച്ചിൽ നടത്തി.
ഈ കേസിലെ മറ്റു പ്രതികൾക്കായും അന്വേഷണം തുടരുകയാണ്. അന്തർ സംസ്ഥാന ബന്ധമുള്ള വൻ റാക്കറ്റാണ് ഫോണ് കെണിക്ക് പിന്നിലുള്ളതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റിയാടി അടുക്കത്തു സ്വദേശികളായ കിഴക്കേവീട്ടിൽ കെ.എം. റഷീദ് (40), നരയംകോട്ട് വീട്ടിൽ ബഷീർ (40) എന്നിവരെ മാനന്തവാടി സിഐ പി.കെ. മണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയിതിരുന്നു.
സന്പന്നരായ ആളുകളുടെ മൊബൈൽ നന്പർ സംഘടിപ്പിച്ച് സംഘം സ്ത്രീകൾക്ക് നൽകും. ഇവർ ഈ നന്പറുകളിലേക്കു മിസ്ഡ് കോൾ ചെയ്യും. തിരിച്ചു വിളിക്കുന്നവരുമായി ബന്ധം സ്ഥാപിക്കും.
പിന്നീട് ഇത്തരക്കാരോട് ഏതെങ്കിലും സ്ഥലത്തെത്താൻ ആവശ്യപ്പെടുകയും അവിടെ നിന്നും വാഹനത്തിൽ കയറ്റി സംഘവുമായി ബന്ധമുള്ള ലോഡ്ജുകളിലും റിസോർട്ടുകളിലും എത്തി റൂമെടുക്കും. സ്വകാര്യ രംഗങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും കെണിയിൽപ്പെട്ടയാളുടെ എല്ലാവിവരങ്ങളും ഇവർ മനസിലാക്കി സംഘത്തിലുള്ളവരെ വിവരമറിയിക്കും.
ഇവരെത്തി കെണിയിൽപ്പെട്ടയാളെ ക്രൂരമായി മർദ്ദിച്ച് പണവും ആഭരണങ്ങളും കൈക്കലാക്കും. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇക്കാര്യങ്ങൾ വീട്ടിലറിയിക്കുമെന്നും ഭീഷണിപ്പെടുത്തി വൻതുക ആവശ്യപ്പെടുകയുമാണ് പതിവ്.
സംഘത്തിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. ഇത്തരത്തിൽ പയ്യന്നൂരിലെ ഒരു പ്രമുഖനെ കെണിയിൽപ്പെടുത്തി 45ലക്ഷം രൂപ തട്ടിയെടുത്തു. ഇങ്ങനെ ഒരുകോടിയോളം രൂപ സംഘം പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് സൂചന.