മങ്കൊമ്പ്: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവായ പ്രതിശ്രുതവരൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും കാവാലം രണ്ടരപ്പറ തിലകന്റെ മകൾ ആതിര തിലക് (25) മരിച്ച സംഭവത്തിൽ കാവാലം പത്തിൽച്ചിറ അനന്തുവാ (26) ണ് അറസ്റ്റിലായത്.
ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കൈനടി പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നതിനെത്തുടർന്ന രണ്ടു വർഷം മുൻപ് ഇവരുടെ മോതിരം മാറ്റച്ചടങ്ങ് നടത്തിയിരുന്നു. സംഭവ ദിവസമായ കഴിഞ്ഞ ജനുവരി അഞ്ചിന് അനന്തു ആതിരയുടെ വീട്ടിലെത്തിയിരുന്നു.
മുറിയിൽ വച്ച് പ്രതി ആതിരയുമായി വഴക്കിടുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് കൈനടി പോലീസ് പറയുന്നത്.
കുറ്റാരോപിതനായ അനന്തുവിനെതിരേ കേസെടുക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസും പിന്നീട് ബിജെപിയും സമരങ്ങളുമായി രംഗത്തുവന്നിരുന്നു.
കൈനടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എ.ജെ. ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.