കോഴിക്കോട്: വാഹന പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ കാണി്ക്കാന് ഡിജിറ്റല്‍ രേഖകള്‍ മതിയെന്ന ഉത്തരവ് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാക്കാന്‍ മാർഗനിർദേശവുമായി കേരള പോലീസ്. ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് എങ്ങിനെ ചെയ്യണമെന്ന് വിശദീകരിച്ചുകൊണ്ട് ബോധവത്ക്കരണവുമായി കേരള പോലീസ് രംഗത്തെത്തിയത്.
ഡ്രൈവിംഗ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ലൈസന്‍സ് നമ്പര്‍ ഫോര്‍മാറ്റില്‍ ഡിജി ലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റണം.
ഉദാഹരണത്തിന് ലൈസന്‍സ് നമ്പര്‍ 15/12345/2018 ആണെങ്കില്‍, അതിനെ KL 1520180012345 എന്ന രീതിയില്‍ മാറ്റി വേണം ഡിജിലോക്കറില്‍ ടൈപ്പ് ചെയ്യാന്‍. കൂടാതെ പഴയ ലൈസന്‍സുകളില്‍ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: ടി.ആര്./1001/2006 എന്ന തൃശൂര്‍ ജില്ലയിലെ പഴയ ലൈസെന്‍സ് KL 082006001001 എന്ന രീതിയില്‍ നല്‍കണം.
ഇത്തരത്തില്‍ ലൈസന്‍സ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹന യാത്രകളില്‍ യഥാര്‍ഥ രേഖകള്‍ കൈയ്യില്‍ കരുതാന്‍ മറന്നാലും ഡിജിറ്റലായി സൂക്ഷിച്ചാല്‍ മാത്രം മതിയെന്ന നിര്‍ദേശം വാഹനഉടമകള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. ഡിജി ലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കുന്നുണ്ട്.
സംസ്ഥാന പോലീസ് മേധാവിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്. രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്നു നഷ്ടപ്പെടുത്താതെ ആവശ്യം വരുമ്പോള്‍ അധികൃതർക്കു കാട്ടിക്കൊടുക്കുന്നതിനോ ഷെയര്‍ ചെയ്തു നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താമെന്നായിരുന്നു സര്‍ക്കുലര്‍.
മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.എന്നാല്‍ ലൈസൻസ് അപ്ലോഡ് ചെയ്യുന്നതിന് സാങ്കേതിക തകരാറുകള്‍ അനുഭവപ്പെട്ടതോടെ പലയിടത്തുനിന്നും പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സഹായവുമായി രംഗത്തെത്തിയത്.