പോത്താനിക്കാട്: നടുക്കുന്ന കൊലപാതവാർത്ത കേട്ടാണു പോത്താനിക്കാട് ഇന്നലെ നേരം പുലർന്നത്. കാട്ടുചിറയിൽ സജീവിന്റെ വീടിന്റെ ടെറസിൽ പുളിന്താനം മാനിയ്ക്കപ്പീടിക കുഴിപ്പിള്ളിൽ മാധവന്റെ മകൻ പ്രസാദിന്റെ (48) മൃതദേഹം കണ്ടെന്ന വാർത്ത പരന്നത്തോടെ സംഭവ സ്ഥലത്തു നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിനാളുകൾ തടിച്ചുകൂടി.
വെടിയേറ്റാണു മരണമെന്നായിരുന്നു ആദ്യ പ്രചാരണം. മൃതദേഹത്തിനു സമീപം കാണപ്പെട്ട എയർ ഗൺ ആയിരുന്നു ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. എയർ ഗൺ മൂന്നു കഷണമായി തകർന്നനിലയിലായിരുന്നു. പോലീസ് പരിശോധനയിൽ പ്രസാദിനു വെടിയേറ്റില്ലെന്നു വ്യക്തമായി. തലയ്ക്കേറ്റ ക്ഷതത്തെത്തുടർന്നാണു മരണമെന്നാണു പ്രാഥമിക നിഗമനം.
പ്രസാദിന്റെ മുഖത്തും വലതുകൈയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തോക്കിന്റെ പാത്തികൊണ്ടാണു തലയ്ക്ക് അടിയേറ്റതെന്നു കരുതുന്നു. വീട്ടുടമയായ സജീവിന്റെ വിശദീകരണങ്ങൾ ദുരൂഹത വർധിപ്പിക്കും വിധമായിരുന്നു. വെള്ളിയാഴ്ച രാത്രി തനിക്കൊപ്പമുണ്ടായിരുന്ന പ്രസാദിനെ 9.30ഓടെ ബൈക്കിൽ മാനിക്കപ്പീടികയിലെ വീട്ടിലാക്കിയെന്നായിരുന്നു സജീവിന്റെ ആദ്യ പ്രതികരണം.
രാജാക്കാട് ഏലം കൃഷി ചെയ്തിട്ടുള്ള തോട്ടത്തിലേക്കു രാവിലെ ഓട്ടം പോകാൻ വീട്ടിലെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ രഞ്ജിത്തിനെയുംകൊണ്ടു പ്രസാദിനെ അന്വേഷിച്ച് അയാളുടെ വീട്ടിൽ പോയെന്നും അവിടെ കാണാത്തപ്പോൾ നടത്തിയ അന്വേഷണത്തിൽ തന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും സജീവ് പോലീസിനോടു വിശദീകരിച്ചു. സജീവിന്റെ ഭാര്യയിൽനിന്നു പോലീസ് മൊഴിയെടുത്തപ്പോൾ പുലർച്ചെ ടെറസിൽനിന്നു ശബ്ദം കേട്ടിരുന്നതായും ഭർത്താവ് മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നതിനാൽ എന്താണെന്ന് അന്വേഷിച്ചില്ലെന്നുമാണു പറഞ്ഞത്.
സജീവും ഭാര്യയും തൃപ്തികരമായ വിശദീകരണം നൽകാത്തതിനെത്തുടർന്നു പോലീസ് സജീവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസാദ് എങ്ങനെയാണു സജീവിന്റെ വീടിന്റെ ടെറസിൽ എത്തിയതെന്നത് ദുരൂഹമാണ്.
വീട്ടിൽ അന്വേഷിച്ചപ്പോൾ പ്രസാദിനെ കാണാതെ വന്നയുടൻ സജീവ് തന്റെ വീടിന്റെ ടെറസിൽ അന്വേഷിക്കാൻ കാരണമെന്തെന്നും അറിയേണ്ടതുണ്ട്. പ്രസാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തശേഷമേ കൊലപാതകിയെക്കുറിച്ചും കൊലയിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചും വ്യക്തമായി പറയാനാകൂവെന്നു പോലീസ് പറഞ്ഞു.