കെ.കെ.അർജുനൻ
അവണൂർ: റിച്ചാർഡ് ആറ്റണ്ബറോ ഇന്നാണ് മഹാത്മഗാന്ധിയെക്കുറിച്ചുള്ള സിനിമയെടുക്കുന്നതെങ്കിൽ അദ്ദേഹം നിശ്ചയമായും തൃശൂരിലെ അവണൂരിലേക്ക് വരുമായിരുന്നു.
കാരണം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ തനിപകർപ്പായ ഒരാൾ അവണൂരിലുണ്ട്.
ഗാന്ധിജിയുടെ അപരനെന്ന് ഏവരും വിശേഷിപ്പിക്കുന്ന അവണൂർ വെളപ്പായ ആനായത്ത് വീട്ടിൽ എ.പി.വേണുഗോപാലനെന്ന 75കാരൻ ഒറ്റനോട്ടത്തിൽ മാത്രമല്ല എത്രവട്ടം നോക്കിയാലും മഹാത്മാഗാന്ധി തന്നെ എന്നേ പറയാനാകൂ.
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷത്തിലേക്ക് ആവേശത്തോടെ കടക്കുന്പോൾ അവണൂരിലെ ഗാന്ധിയപ്പൂപ്പനെ കാണാനും സ്വാതന്ത്ര്യദിന ആശംസകളർപ്പിക്കാനും ഫോട്ടോയെടുക്കാനും കുട്ടികളടക്കമുള്ളവരുടെ തിരക്കാണ് ഗാന്ധിജിയുടെ അപരെന്നും ഡ്യൂപ്പെന്നുമെല്ലാം പലരും വിളിക്കാറുണ്ട് ഇദ്ദേഹത്തെ.
ഷർട്ടിടാതെ മേൽമുണ്ടു ധരിച്ച് കണ്ണടയും വെച്ച് വേണുഗോപാൽ വരുന്പോൾ കണ്ടുശീലിച്ച രാഷ്ട്രപിതാവ് നേരിൽ വരുംപോലെ തോന്നും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു മാസം മുൻപാണ് വേണുഗോപാൽ ജനിച്ചത്. ഗാന്ധിജിയെ കണ്ടിട്ടില്ലെങ്കിലും ജവഹർലാൽ നെഹ്റുവിനെ കണ്ട ഓർമയുണ്ട് ഗാന്ധിജിയുടെ ഈ അപരന്.
തൃശൂർ നെഹ്റുമണ്ഡപത്തിൽ നെഹ്റു പ്രസംഗിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പ്രായം എഴുപത്തഞ്ചായെങ്കിലും ചെറുപ്പക്കാരുടെ ചുറുചുറുക്കും ആവേശവുമാണ് അദ്ദേഹത്തിന്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹം കുട്ടനെല്ലൂർ ഗവ.കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ അക്കാദമിക് രംഗത്ത് പ്രവർത്തിച്ച ശേഷം റിട്ടയർ ചെയ്ത വ്യക്തിയാണ്.
കോളജ് പ്രഫസറായിരിക്കെ മരണമടഞ്ഞ ഭാര്യയുടെ ജോലിയാണ് ഇദ്ദേഹത്തിന് ആദ്യം കിട്ടിയത്. രണ്ടു മക്കളും ബംഗളുരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.
നാട്ടിൽ നിന്നു പോകാൻ താത്പര്യമില്ലാത്തതിനാൽ 120 വർഷം പഴക്കമുള്ള വലിയ തറവാട്ടുവീട്ടിൽ ഒറ്റയ്ക്കാണ് താമസം.
കാൽനടയായും സ്കൂട്ടറിലും ഗാന്ധിയപ്പൂപ്പൻ സഞ്ചരിക്കുന്പോൾ കുട്ടികളും മറ്റും ഉറക്കെ ഗാന്ധിയപ്പൂപ്പൻ പോണേ എന്ന് വിളിച്ചുപറയാറുണ്ട്.
ആളുകൾ ഇങ്ങനെ വിളിക്കുന്നതിൽ ആദ്യം കളിയാക്കലാണെന്ന് തോന്നിയിരുന്നുവെങ്കിലും പിന്നീട് ആ വിളി വേണുഗോപാൽ ആസ്വദിച്ചു തുടങ്ങി.
ഗാന്ധിജിയുടെ അപരനാണെന്ന് സമൂഹം പറയുന്നത് തന്നെ വലിയകാര്യമാണെന്ന് വേണുഗോപാൽ പറയുന്നു.
ഒരിക്കലും രാഷ്ട്രപിതാവിനെ പോലെയാകാൻ സാധിക്കില്ല. പക്ഷേ ആ രൂപത്തോടൊരു സാദൃശ്യം ഉണ്ടായതുതന്നെ മഹാഭാഗ്യം. അദ്ദേഹത്തിന്റെ ആശയങ്ങൾ എല്ലാവരും പ്രാവർത്തികമാക്കുക..
രൂപത്തിലല്ല മഹാത്മജിയുടെ പ്രവർത്തനങ്ങളിലാണ് സാദൃശ്യം പാലിക്കേണ്ടത്- എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ വാക്കുകളോർത്ത് വേണുഗോപാൽ പറഞ്ഞു.
ഒപ്പം എല്ലാവർക്കും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാശംസകൾ നേരാനും ഈ ഗാന്ധിയപ്പൂപ്പൻ മറന്നില്ല.