കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്തം തടവ്.
വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷയോടു ചേർന്ന് അനുഭവിച്ചാൽ മതി.
ഇതു കൂടാതെ ഒരു ലക്ഷം രൂപ പിഴയുണ്ട്. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.
2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്തു വന്നത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ പെണ്‍കുട്ടി നിലവിളിയോടെ എഴുന്നേൽക്കുകയായിരുന്നു.
മാതാവ് ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്നുപിടിച്ചതായി പുറത്തറിഞ്ഞത്. തുടർന്ന് മാതാവിന്റെ മൊഴിയിൽ പോലീസ് കേസെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി കൂടുതൽ തവണ പീഡനത്തിനിരയായതായി കണ്ടെത്തി.
2017ൽ ഏഴാം വയസ് മുതൽ കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും റാന്നിയിൽ വാടകയ്ക്കു താമസിച്ചിരുന്ന സമയത്ത് മാതാവ് ജോലിക്കു പുറത്തുപോയ സാഹചര്യത്തിലാണ് രണ്ടാനച്ഛൻ കുട്ടിയെ പീഡിപ്പിച്ചതെന്നും കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർമാരായിരുന്ന ഇ.കെ. സോൾജിമോൻ, എം. ബിജു എന്നിവർ ചേർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.