മുളങ്കുന്നത്തുകാവ്: ദൈവത്തെയോർത്ത് ഇങ്ങനെ കൂട്ടംകൂടി നിൽക്കരുതേ… ഞാൻ കാലുപിടിച്ചു പറയുകയാണ്… പ്ലീസ്, അകലം പാലിച്ചു നിൽക്കൂ… ഞങ്ങളെ രോഗികളാക്കല്ലേ…
ഇത് ഒരു ഡോക്ടറുടെ വിലാപമാണ്. രോഗികൾക്കു മുന്നിലുണ്ടായ വിലാപം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപികളിലൊന്നിൽ രോഗികളെ പരിശോധിക്കാനിരിക്കുന്ന സീനിയർ ഡോക്ടറാണ് രോഗികളുടെ കരുണയ്ക്കായി കൈകൂപ്പി കെഞ്ചിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ റുമറ്റോളജി വിഭാഗത്തിലെ വനിതാഡോക്ടറാണ് അനിയന്ത്രിതമായ തിക്കും തിരക്കും ഉണ്ടായപ്പോൾ രോഗികളോടു താണുകേണപേക്ഷിച്ചത്.
രോഗികൾ പലരും ശരിയാംവിധം മാസ്ക് ധരിച്ചിരുന്നില്ല. സെക്യൂരിറ്റിക്കാരെപ്പോലും മറികടന്നു തള്ളിക്കയറി യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഡോക്ടറെ കാണാൻ തിരക്കുകൂട്ടിയപ്പോഴാണ് വനിതാ ഡോക്ടർ അപേക്ഷയുമായി ഇവർക്കു മുന്നിൽ നിന്നത്.
തൊണ്ടയിടറിക്കൊണ്ട് കൈകൂപ്പി ആ ഡോക്ടർ ഇങ്ങനെ പറഞ്ഞു.
ഞങ്ങളും മനുഷ്യരാണ്.. കുട്ടികളും വീട്ടുകാരുമൊക്കെയുള്ളവരാണ്. വീട്ടിലെ കൊച്ചുകുട്ടികളെ സ്നേഹത്തോടെ ലാളിച്ചിട്ട് രണ്ടുവർഷമാകാറായി..
വീട്ടുകാരോടുപോലും അകലം പാലിച്ചാണ് കഴിയുന്നത്. ആരോടും സ്നേഹത്തോടെ ഇടപഴകാൻ സാധിക്കാറില്ല…
കോവിഡ് രോഗികളുമായി ഇടപെടുന്ന അമ്മ വീട്ടിലേക്കു വരണമെന്നില്ലെന്ന രീതിയിലാണ് മക്കളും കുടുംബാംഗങ്ങളും…
അങ്ങനെ എല്ലാ വെല്ലുവിളികളും പ്രശ്നങ്ങളും അവഗണിച്ച്, സ്വന്തം മക്കളെ അയൽപക്കത്തെ വീട്ടിലേല്പിച്ച് ജോലിക്കെത്തുന്ന ഞങ്ങളെ നിങ്ങളിങ്ങനെ മാസ്്ക് ശരിക്കു വയ്ക്കാതെയും സാമൂഹികഅകലം പാലിക്കാതെയും വന്ന് രോഗികളാക്കരുത്… പ്ലീസ്..
എത്ര രോഗികളുണ്ടെങ്കിലും അവരെ മുഴുവൻ നോക്കിക്കഴിഞ്ഞല്ലേ ഞങ്ങൾ വീട്ടിൽ പോകാറുള്ളൂ.
ആരെയങ്കിലും മടക്കിഅയയ്ക്കാറുണ്ടോ…. പിപിഇ കിറ്റ് പോലും ധരിക്കാതെ ഇവിടെയിരുന്ന് നിങ്ങളെ പരിശോധിക്കുന്ന ഞങ്ങളെ രോഗികളാക്കിയാൽ പാവപ്പെട്ട മറ്റു രോഗികൾക്കു ചികിത്സ കൊടുക്കാൻ ആരുമുണ്ടാവില്ലെന്നോർത്തോളൂ…
വനിതാ ഡോക്ടറുടെ വാക്കുകൾ പൂർത്തിയാകുന്പോൾ കൂട്ടംകൂടി നിന്ന രോഗികൾ സ്വയം അകലം പാലിച്ചു നിന്നിരുന്നു…
മാസ്കുകൾ ശരിയാംവിധം ധരിച്ച്…ഇതു മെഡിക്കൽ കോളജിലെ ഏതെങ്കിലുമൊരു ഡോക്ടറുടെ മാത്രം വിലാപമല്ല.
ഏത് ആശുപത്രിയിലും രോഗികളെ ചികിത്സിക്കാനിരിക്കുന്ന ഒരുപാടൊരുപാട് ഡോക്ടർമാരുടെ ആശങ്കയും വിലാപവുമാണ്.
ഈ ഡോക്ടർ അതു തുറന്നുപറഞ്ഞെന്നു മാത്രം…