ആലുവ: നടിയെ ആക്രമിച്ചക്കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ഡിജിപി ലോക് നാഥ് ബഹ്റയെ നിരന്തരം ഫോണിൽ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവ് ആലുവയിൽ പിടിയിൽ. ചെങ്ങമനാട് കപ്രശ്ശേരി സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാൽ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഡിജിപിയെ നിരന്തരം ഫോണിൽ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. പലകുറി താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതിനാൽ ഡി ജി പി അന്വേഷിക്കാൻ പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടിയിലാകുകയായിരുന്നു. സംഭവം ഗവരവമായി എടുക്കേണ്ടന്ന ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള യുവാവ് കടുത്ത ദിലീപ് ആരാധകനാണെന്ന് പറയപ്പെടുന്നു.