തിരുവനന്തപുരം: ബ്ലൂ വെയ്ൽ പോലെ അപകടകാരികളായ ഗെയിമുകൾക്കു കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്നു കേരള പോലീസ് ഹൈടെക് സെൽ മുന്നറിയിപ്പ് നൽകി. ഇത്തരം ഗെയിം ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കൗണ്‍സലിംഗ് ലഭ്യമാക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംപ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിൽ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമയാകാൻ സാധ്യതയുള്ള ബ്ലൂ വെയ്ൽ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ലൂ വെയ്ൽ. അന്‍പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്ട്രേറ്റർ നൽകുന്ന നിർദേശപ്രകാരം കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നു.
പുലർച്ചെ ഉണരുക, ഭയപ്പെടുത്തുന്ന സിനിമകൾ ഒറ്റയ്ക്കിരുന്നു കാണുക, ക്രെയിനിൻ കയറുക, കൈകളിൽ മുറിവുണ്ടാക്കുക, കാലിൽ സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങുന്ന നിർദേശങ്ങൾ അന്‍പതാമത്തെ ഘട്ടത്തിൽ കളിക്കാരനെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാർക്ക് ബ്ലൂ വെയ്ൽ ഗെയിമിന്റെ പ്രേരണയാൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 14നും 18നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്.
മാതാപിതാക്കൾ ഇത്തരത്തിലുള്ള ഗെയിമുകളുടെ അപകടത്തെക്കുറിച്ചു മനസിലാക്കുകയും കുട്ടികളുടെ കംപ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയും വേണം.