തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും 35-ാമത് പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും.
ഇന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടേയും ഡിജിപി അനിൽ കാന്തിന്റെയും ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വൈകുന്നേരം നാലിന് ഡർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി ഇന്ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനയുടെ സല്യൂട്ട് സ്വീകരിക്കും.
തുടര്‍ന്ന് ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.
അതേസമയം സ്ഥാനമൊഴിയുന്ന അനില്‍ കാന്തിന് പൊലീസ് സേന യാത്രയയപ്പ് നൽകി. ഇന്നു രാവിലെ 7.40 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നടന്നു.
വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹം പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് സല്യൂട്ട് ചെയ്യും.
പിന്നാലെ നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് വൈകിട്ടോടെ യാത്രയാക്കും.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിച്ചത്. ചീഫ് സെക്രട്ടറിയായി ഡോ .വി.വേണുവിനെയും നിയമിച്ചു.
നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു, ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്. 1990 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. പാലാ സബ്കളക്ടറായിട്ടായിരുന്നു തുടക്കം.
നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ്. 1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ദര്‍വേസ്. നെടുമങ്ങാട് എഎസ്പിയായിട്ടായിരുന്നു തുടക്കം.