തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ഇന്നു ചുമതലയേൽക്കും. ടി.പി. സെൻകുമാർ ഒഴിവിലേക്കാണ് ബെഹ്റ വരുന്നത്. ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഇപ്പോൾ വിജിലൻസ് ഡയറക്ടറായ ലോക്നാഥ് ബെഹ്റ ആ ചുമതലയും തുടർന്നു വഹിക്കും. സർവീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്റ പോലീസ് മേധാവിയാകുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെൻകുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മേയ് ആറിനു സെൻകുമാർ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ആ ചുമതലയും ബെഹ്റ വഹിച്ചുവരികയായിരുന്നു.
ഒഡീഷ സ്വദേശിയായ ബെഹ്റ 55 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിൽ മടങ്ങിയെത്തുന്നത്. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി 1985ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന് ആലപ്പുഴ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ, കൊച്ചി പോലീസ് കമ്മീഷണർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 10 വർഷം സിബിഐയിൽ എസ്പി, ഡിഐജി തസ്തികകളിലിരുന്നു.