നൈറ്റ് ക്ലബ്ബുകളും മറ്റും കേരളത്തില്‍ വരേണ്ടതാണ്; മുടി വളര്‍ത്തലിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ ആര്‍ക്കും നിയന്ത്രണം വയ്ക്കാന്‍ പറ്റില്ല; ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നതിങ്ങനെ

കേരളത്തില്‍ സദാചാരപ്പൊലീസുകള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ. വിനോദത്തിനായി കേരളത്തിലും നൈറ്റ് ക്ലബ്ബുകള്‍ വരണമെന്നും ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. കേരളത്തില്‍ നിശാ ക്ലബുകള്‍ വരേണ്ടതാണെന്നും ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും അല്‍പ്പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവരും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകം മാറുന്നത് അറിയണം. ലോകമെമ്പാടും സഞ്ചരിക്കുന്നവനാണ് ഇന്നത്തെ മലയാളി. കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം ജീവിതത്തിലേയ്്ക്കും കടന്നുവന്നിട്ടുണ്ട്. പക്ഷേ, കേരളത്തിലുള്ളവര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്.

ഇതുപരിഹരിക്കാന്‍ അത്തരം ജീവിതത്തിന്റെ ഭാഗമായ നൈറ്റ് ക്ലബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ് ക്ലബുകള്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിയോജിപ്പുണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഇവ നടപ്പില്‍ വരുത്തണം. വിനോദസഞ്ചാരത്തേയും ഇതു സഹായിക്കും. ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വരുന്നു. അവര്‍ക്ക് വിനോദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങള്‍ ഇല്ല എന്നറിയുമ്പോള്‍ വീണ്ടും വരാന്‍ താത്പ്പര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖലയെയും തത്ഫലമായി കേരളത്തിന്റെ വികസനത്തേയുമാണ്.

നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്ന് മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയേണ്ടത്. മയക്കുമരുന്നു പടരുന്നത് നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലഹരിമരുന്നിന്റെ ഉപയോഗം, വില്‍പ്പന, തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കണം. ഡിജിപി പറയുന്നു. അതുപോലെ തന്നെ, ഏതെങ്കിലും വസ്ത്രം മാത്രമേ ഇടാന്‍ പാടുള്ളു എന്നു നിര്‍ദ്ദേശം വയ്ക്കാന്‍ പറ്റുമോ? മാന്യത എന്നതിന് ഒരു അതിര്‍ത്തിയുണ്ട്. അതിനുള്ളില്‍ നില്‍ക്കണം. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരില്‍ അവരെ അക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടിവളര്‍ത്തുന്നവരുടെ കാര്യവും . അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമാതാരങ്ങളെ നോക്കുക. അമീര്‍ഖാന് മുടിവളര്‍ത്തിയും കമ്മല്‍ ഇട്ടും നടക്കാം. അതുപോലെ നമ്മുടെ നാട്ടില്‍ ഒരാള്‍ ചെയ്താല്‍ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവര്‍ക്കും ഒരുപോലല്ലേ. ഡിജിപി ചോദിക്കുന്നു.

 

Related posts