സ്വന്തംലേഖകൻ
തൃശൂർ: നിരവധി സംഭവങ്ങളിൽ പോലീസ് വീഴ്ചയെ തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്ത പല ഉത്തരവുകളും പോലീസുകാർ ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതൊക്കെ എല്ലാ ഡിജിപിമാരും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്പോൾ ഇറക്കുന്ന ഉത്തരവുകളാണെന്ന് പറഞ്ഞാണ് അനുസരിക്കാതിരിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനം വാഹനയാത്രക്കാരോടും ജനങ്ങളോടും പെരുമാറേണ്ട രീതി സംബന്ധിച്ച് ഡിജിപി ഇറക്കിയ ഉത്തരവാണ് പോലീസുകാർ പുല്ലുവില പോലും കൽപ്പിക്കാതെ തള്ളിയത്. വാഹനങ്ങൾ പരിശോധിക്കുന്പോൾ നിരവധി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പോലീസ് വാഹനത്തിന്റെ അടുത്തുചെന്ന് പരിശോധന നടത്തണമന്ന് ഡിജിപി ഉത്തരവിറക്കിയത്. എന്നാൽ അങ്ങനെയൊരു ഉത്തരവ് വന്നിട്ടുണ്ടെന്നു പോലും പോലീസ് കണക്കാക്കിയിട്ടില്ല.
സ്ഥിരമായി നടത്തിവരുന്ന വാഹന പരിശോധന തന്നെയാണ് ഇപ്പോഴും തുടരുന്നത്. പോലീസുകാർ വാഹനം തടഞ്ഞു നിർത്തും. ഡ്രൈവർമാർ വാഹനത്തിൽ നിന്നിറങ്ങി പോലീസ് വാഹനത്തിന്റെ അടുത്തെത്തണം. പോലീസ് വാഹനത്തിന്റെ അടുത്തുവന്ന് പരിശോധിക്കണമെന്ന് ഡിജിപി ഉത്തരവിറക്കിയിട്ടുണ്ടല്ലോ എന്നു ചോദിച്ചാൽ അത്തരത്തിൽ നിരവധി ഉത്തരവുകളിറങ്ങും. അതൊന്നും നിങ്ങളറിയേണ്ട എന്നാണ് പോലീസുകാരുടെ പ്രതികരണം. കൂടുതൽ എതിർത്താൽ പിന്നെ വാഹനം നേരെ പോലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടു പോയിടും.
പോലീസിന്റെ ഈ പെരുമാറ്റം കാരണം വാഹനയുടമകൾ പലപ്പോഴും എല്ലാം സഹിച്ച് പോലീസ് വാഹനത്തിന്റെ അടുത്തു ചെന്ന് രേഖകൾ കാണിക്കും. എല്ലാ രേഖകളും ശരിയാണെങ്കിലും വേഗം കൂടുതലാണെന്നു പറഞ്ഞു ഒരു തുക പിഴയെഴുതാതെ വിടുകയില്ല. ഇതൊക്കെ മുകളിലുള്ള ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാൽ ഒരു പ്രതികരണവുമുണ്ടാകില്ല.
ഇത്തരത്തിൽ ഡിജിപിമാരുടെ നിരവധി ഉത്തരവുകളാണ് പോലീസുകാർ ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുന്നത്. കാണാതാകുന്നവരെ പറ്റി പരാതി കിട്ടിയാൽ പോലീസ് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഒരു മാസം മുന്പാണ് ഡിജിപി ഈ ഉത്തരവിറക്കിയത്.
പരാതി കിട്ടിയാൽ പരമാവധി 24 മണിക്കൂറിനകം അന്വേഷണം നടത്തി എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്നാണ് ഉത്തരവ്. ഇതിന് അന്വേഷണ സംഘങ്ങളുടെ സഹായവും തേടാം. മുൻ ഡിജിപിമാരും ഇത്തരത്തിൽ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ ഉത്തരവുകൾ സാധാരണമാണെന്ന രീതിയിലാണ് പോലീസുകാർ ഇതിനെയൊക്കെ കാണുന്നതെന്നാണ് വിമർശനം ഉയരുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയുടെ ഉത്തരവുകൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തയ്യാറാകാത്തതും പോലീസുകാർക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.