മാവേലി എക്‌സപ്രസില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി ആന്റോ ബോസ്. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്ന് പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍, റെയില്‍വേ പോലീസ് ഇയാളെ പിടികൂടി.
നടിയുടെ പരാതിയില്‍ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡിജിപി ലോക് നാഥ് ബെഹ്‌റ പ്രതികരിച്ചു. അഭിനന്ദനമറിയിച്ച് നടിക്ക് കത്തയക്കും. ട്രെയിനുള്ളില്‍ സഹായത്തിന് രണ്ടു പേരെഴികെ മറ്റുള്ളവര്‍ എത്താതിരുന്നത് ഞെട്ടിപ്പിച്ചു.കൊച്ചിയിലും വൈപ്പിനിലും നടിക്കെതിരായ സംഭവമുണ്ടായപ്പോഴും നാട്ടുകാരില്‍ ചിലര്‍ കാണിച്ച മനോഭാവം കേരളത്തിന് ചേര്‍ന്നതല്ലെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.