തിരുവനന്തപുരം: തനിക്കെതിരേയുള്ള അന്വേഷണം അവസാനിക്കുന്നത് വരെ ക്രമസമാധാനകാര്യങ്ങൾ തന്നോട് റിപ്പോർട്ട് ചെയ്യേണ്ടെന്ന് കാട്ടി ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ രേഖാമൂലം തന്റെ കീഴുദ്യോഗസ്ഥർക്ക് കത്ത് നൽകി.
തിരുവനന്തപുരം റേഞ്ച് ഐജി. ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ് ജോസ് എന്നിവർക്കാണ് തന്റെ നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്. ഇരുവരും എഡിജിപിയുടെ കീഴുദ്യോഗസ്ഥരും അദ്ദേഹത്തിനെതിരേയുള്ള ആരോപണം അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുമാണ്.
സാധാരണയായി ഇത്തരത്തിൽ നിർദേശം നൽകേണ്ടത് ആഭ്യന്തരവകുപ്പോ ഡിജിപിയോ ആണ്. അതിന് വിപരീതമായാണ് എഡിജിപി തന്നെ രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് മുൻപാകെയാണ് ക്രമസമാധാനപാലന ചുമതലയുള്ള ഐജിയും ഡിഐജിയും ദൈനംദിന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് നേരിട്ട് അന്വേഷിക്കുന്നത്.
അതേസമയം ക്രമസമാധാനപാലന ചുമതലയിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി. എം.ആർ. അജിത്ത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോപണ വിധേയനായ എഡിജിപിയെ തൽസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണവും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് അജിത്ത് കുമാർ മുഖ്യമന്ത്രിയോട് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇപ്പോൾ നടക്കുന്ന സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ എഡിജിപിയ്ക്കെതിരെയും പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അജിത്ത് കുമാർ മുഖ്യമന്ത്രിയെ രേഖാമൂലം നിലപാട് അറിയിച്ചത്.