തിരുവനന്തപുരം: ജയിലുകളിലെ തടവുകാരുമായി കോടതിയിലോ ആശുപത്രിയിലോ പോകുന്ന പോലീസുകാർ കൂടുതൽ ജാഗ്രത കാട്ടണമെന്നു ജയിൽ ഡിജിപി ഋഷിരാജ്സിംഗ്. പോലീസുകാരുടെ നിസംഗമായ സമീപനം മൂലം പോലീസ് കസ്റ്റഡിയിൽ വിടുന്ന തടവുകാർ രക്ഷപ്പെടുന്ന പ്രവണത വർധിക്കുകയാണെന്നും സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിൽ ജയിൽ ഡിജിപി വ്യക്തമാക്കി.
കൊലക്കേസ് പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിനെത്തുടർന്നാണ് ജയിൽ മേധാവി സുരക്ഷ സംബന്ധിച്ച കത്തു നൽകിയത്. തടവുകാരന്റെയോ മറ്റുള്ളവരുടെയോ സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ തടവുകാരനെ കയ്യാമം വയ്ക്കാമെന്ന് ജയിൽ ചട്ടങ്ങളിൽ പറയുന്നുണ്ട്. തടവുകാർ അപകടകാരികളാണെങ്കിൽ കാൽച്ചങ്ങലയും ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധിയുമുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല.
പോലീസുകാരുടെ ജാഗ്രത ക്കുറവു മൂലമാണ് തടവുകാർ രക്ഷപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. പോലീസിന്റെയും ജയിൽ വകുപ്പിന്റെയും സത്പ്പേരിന് ഇതു പലപ്പോഴും കളങ്കമുണ്ടാക്കുന്നുവെന്നു. അതിനാൽ തടവുകാരുടെ എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിയുടെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുന്നതിന് കർശന നിർദേശം നൽകണം. ഇതിനായി ബന്ധപ്പെട്ട കമ്മീഷണർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജയിലുകളിൽ നിന്നുള്ള തടവുകാരെ വിവിധ കോടതികളിലേക്കും അസുഖബാധിതരായാൽ ആശുപത്രയിലേക്കും കൊണ്ടുപോകുന്ന ചുമതല സംസ്ഥാന പോലീസിനാണുള്ളത്. എന്നാൽ, സേനയിൽ പോലീസുകാരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി പോലീസിനെ ഉപയോഗിക്കരുതെന്നും അതിനായി ജയിൽ വാർഡൻമാരെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് മേധാവി ഏതാനും ദിവസം മുന്പ് ജയിൽ മേധാവിക്ക് കത്ത് നൽകിയിരുന്നു. പിന്നാലെയാണ് പോലീസുകാരുടെ ജാഗ്രത വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജയിൽ മേധാവി മറുപടി നൽകിയത്.