സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നല്കി.
വേണ്ടത്ര പരിചരണമില്ലാതെ ദരിദ്ര സാഹചര്യങ്ങളിൽ കഴിയുന്നവർ, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവർ കൂടെയില്ലാതെ ബഹുനിലവീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയിൽ കഴിയുന്നവർ, അപകടകരങ്ങളായ സാഹചര്യങ്ങളിൽ കഴിയുന്നവർ തുടങ്ങി പലതരത്തിൽ വിഷമങ്ങളനുഭവിക്കുന്നവരുടെ സുരക്ഷ മെച്ചപ്പെടുത്താനാണ് നിർദേശം നല്കിയിരിക്കുന്നത്.
ഓരോ പോലീസ് സ്റ്റേഷനും ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരൻമാരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്റ്റേഷൻ പരിധിയിലുള്ള ഇത്തരം മുതിർന്ന പൗരന്മാരുമായി നിരന്തരം സന്പർക്കം പുലർത്തണം.
ഇടയ്ക്കിടെ അവരുടെ വീടുകൾ സന്ദർശിക്കണം. വാരാന്ത്യങ്ങളിൽ ഇവർക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കാൻ ശ്രമിക്കണം. മുതിർന്ന പൗരൻമാരുടെ യോഗങ്ങൾ സംഘടിപ്പിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവരെ സഹായിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
പോലീസിന്റെ സേവനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവരിൽനിന്നുമുള്ള നിർദേശങ്ങൾ സ്വീകരിക്കണം. അവർക്ക് അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്റ്റേഷനുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനു ഫോണ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിൽ ഓരോ ജില്ലയിലും മുതിർന്ന പൗരൻമാർ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുത്ത് അവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കണം.
മുതിർന്ന പൗരൻമാർക്കുള്ള ഈ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ഈ മാസം 15നകം അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനു നൽകാനും ഡിജിപി ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി.