തിരുവനന്തപുരം: ഏത് അവസ്ഥയിലും അസഭ്യ പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ പോലീസുകാർ ശ്രദ്ധിക്കണമെന്നും പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറണമെന്നും ഡിജിപിയുടെ നിർദേശം. പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ചു പരാതിയുണ്ടായാൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഇനിമുതൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെയായിരിക്കും.
അത്തരം പരാതികളുടെ അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടി സ്വീകരിക്കണമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ തങ്ങളുടെ അധികാരപരിധിയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാണം. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും വിവിധ സാഹചര്യങ്ങളിലുള്ള തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരായിരിക്കണം.
പോലീസ് കസ്റ്റഡിൽ എടുത്ത ആളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പോലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശ കമ്മീഷനുകളും പലതവണ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പൂർണമായും ഉൾക്കൊണ്ട് നടപ്പിലാക്കണം. ഏതു പ്രശ്നം കൈകാര്യം ചെയ്യുന്പോഴും അതു തുറന്ന മനസോടെയും മുൻവിധികൾ ഇല്ലാതെയും ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായും ആയിരിക്കണം.
പോലീസിലെ ഉന്നതഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നൽകാനും വിവരങ്ങൾ കൈമാറാനും കഴിയുന്ന രീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നയാൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്ന് മനോവേദനയുണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകരുത്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതോടൊപ്പം കൃത്യമായ ഇടപെടലൂകളിലൂടെയും അനുകന്പയോടെയുള്ള പെരുമാറ്റത്തിലൂടെയും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയണം.
സാമുദായിക സംഘർഷങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും കേരളത്തിൽ പൊതുവെ കുറവാണെങ്കിലും അവയുടെ മൂലകാരണങ്ങൾ കണ്ടെത്താനും വിലയിരുത്തി നടപടി സ്വീകരിക്കാനും പോലീസ് ഓഫീസർമാർ ശ്രമിക്കണം. സൂക്ഷ്മതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് പല കഴിഞ്ഞകാല പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.
പോലീസ് സ്റ്റേഷൻ, സബ് ഡിവിഷൻ, പോലീസ് ജില്ല എന്നീ തലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ നടപടികളെക്കുറിച്ചും അവയുണ്ടാക്കിയ ഫലങ്ങളെക്കുറിച്ചും പുനർവിചിന്തനം നടത്തണം. ജനമൈത്രി ബീറ്റ് പൊതുജന സഹകരണത്തോടെ ശക്തിപ്പെടുത്തണം. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുജനോപകാരപ്രദമായ വിവിധ പദ്ധതികൾ പോലീസ് നടപ്പിലാക്കുന്നുണ്ട്.
എന്നാൽ പലപ്പോഴും ഇവ പൊതുജനങ്ങൾ അറിയാതെ പോകുന്നു. ഇത്തരം വാർത്തകൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിനിയോഗിക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഓഫീസിനകത്തും പുറത്തും തങ്ങളുടെ പ്രവൃത്തികളിൽ മാന്യത പാലിക്കണമെന്നും പോലീസ് മേധാവി മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.