കോഴിക്കോട്: സ്പോര്‍ട്സ് ക്വാട്ടയിലൂടെ സേനയില്‍ പ്രവേശിക്കുന്നവരുടെ ‘അടിസ്ഥാനപരിശീലനം’ ഭേദഗതി ചെയ്തുകൊണ്ട് ഡിജിപി ഉത്തരവിറക്കി. പോലീസിലെ പരിശീലന പാഠങ്ങള്‍ കായികതാരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നുറപ്പുവരുത്തികൊണ്ടുള്ള പരിശീലനമാണു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ചു തിരുവനന്തപുരം റേഞ്ച് ഐജിയ്ക്കും സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ക്കും (സിഎസ്ഒ) ഡിജിപി നിര്‍ദേശം നല്കി. പോലീസിലേക്കു ഇനി മുതല്‍ തെരഞ്ഞെടുക്കുന്ന കായികതാരങ്ങളെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സംസ്ഥാനത്തിനും രാജ്യത്തിനും കീരീട നേട്ടം ഉണ്ടാക്കും വിധത്തില്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിശീലന പദ്ധതി നടപ്പാക്കുന്നത്.
മൂന്നുമാസത്തെ പോലീസ് പരിശീലനമുള്‍പ്പെടെ ഒന്‍പതു മാസത്തെ പരിശീലനമാണ് കായികതാരങ്ങള്‍ക്കായി നല്‍കുന്നത്. ഇതുവരേ സ്പോര്‍ട്സ് ക്വാട്ടവഴി സേനയിലേക്കു തെരഞ്ഞെടുക്കുന്നവര്‍ക്കു ഒന്‍പതു മാസവും പോലീസിന്റെ പരിശീലനം മാത്രമായിരുന്നു നല്‍കിയിരുന്നത്.
എന്നാല്‍ ഇനി മുതല്‍ മൂന്നുമാസം മാത്രം പോലീസിന്റെ പരിശീലനം നല്‍കുകയും മറ്റുള്ള ആറു മാസം പ്രധാനമായും കായികപരിശീലനം നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡിഐജി കെ. സേതുരാമന് ‘രാഷ്ട്രദീപിക’യോടു പറഞ്ഞു.
പോലീസിന്റെ പരിശീലനം മാത്രം നല്‍കുക വഴി പല ദോഷങ്ങളുംകായികതാരങ്ങള്ക്കുണ്ടാവുന്നുണ്ട്. താരങ്ങളുടെ പ്രകടനങ്ങളെ അതു സാരമായാണു ബാധിച്ചിരുന്നു. കൃത്യമായ പരിശീലനം നല്‍കാത്തത് മത്സരങ്ങളില്‍ പങ്കെടുക്കുന്ന വേളയില്‍ താരങ്ങള്‍ക്കു പരുക്കേല്‍ക്കുന്നതിനും അവരുടെ ഭാവി വരെ നഷ്ടപ്പെടുത്തുന്നതിനും കാരണമാവുന്നുണ്ട്.
ഈ സാഹചര്യത്തിലാണു സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശിക്കുന്നവര്‍ക്കു പുതിയ കായിക പരിശീലനങ്ങളും പാഠങ്ങളും പകര്‍ന്നു നല്‍കും വിധത്തില്‍ പരിശീലനത്തില്‍ മാറ്റം വരുത്തിയത് . ആദ്യ മൂന്നുമാസത്തെ പരിശീലനത്തില്‍ കേരള പോലീസിനെ കുറിച്ചുള്ള പൊതുകാര്യങ്ങളില്‍ ക്ലാസുകളും നല്‍കും. തുടര്‍ന്നു ഏഴു ദിവസം ഓറിയന്റെഷന്‍ ക്ലാസുകള്‍ നല്‍കും.
പരേഡ്, തോക്കുകളുടെ ഉപയോഗവും മറ്റു ആയുധങ്ങളുടെ ഉപയോഗത്തെ കുറിച്ചും പഠിപ്പിക്കും . ഇത്തരത്തിലുള്ള മൂന്നുമാസത്തെ പരിശീലനത്തിനിടയില്‍ എല്ലാദിവസവും രാവിലേയും വൈകിട്ടും കായിക പരിശീലനം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നാലാം മാസം മുതല്‍ സിഎസ്ഒയുടെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്സ് പരിശീലനം തുടരണം. കായികമായുള്ള ഇന്‍ഡോര്‍ ക്ലാസുകള്‍ സിഎസ്ഒ നല്‍കണം. ഇതിനായി പോലീസ് ട്രെയിനിംഗ് കോളജിന്റെയും ആംഡ് പോലീസ് ബറ്റാലിയന്റെ സഹായവും തേടാം. ഒന്‍പതു മാസത്തെ പരിശീലനത്തിനു ശേഷമേ ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കാവൂ.
പിടിസി പ്രിന്‍സിപ്പല്‍ സിഎസ്ഒയുമായി കൂടിയാലോചിച്ച ശേഷം പരീക്ഷ നടത്തുകയും പരീക്ഷ വിജയിച്ചവരെ സിഎസ്ഒ ബറ്റാലിയനുകളിലേക്ക് അയയ്ക്കുകയും വേണം. ബറ്റാലിയനിലേക്കു വിന്യസിപ്പിച്ചാലും കായിക പരിശീലനം തുടരണമെന്നും നിര്‍ദേശമുണ്ട്.