മൂന്നാർ: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിക്കാളുന്പോൾ ഡിജിപി ലോക്നാഥ് ബഹ്റ കുടുംബസമേതം മൂന്നാറിൽ ഉല്ലാസയാത്രയിൽ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണു ഡിജിപി കുടുംബ സമേതം മൂന്നാറിലെത്തിയത്. പോലീസ് ഐബിയിൽ താമസിക്കാൻ സൗകര്യമൊരുക്കിയെങ്കിലും ഇവിടെ വൈദ്യുതി നിലച്ചതോടെ സ്വകാര്യ ഹോട്ടലിലേക്കു മാറി.
ഇന്നലെ രാവിലെ പത്തോടെ കണ്ണൻ ദേവൻ കന്പനിയുടെ ടാറ്റാ മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ കന്പനി എംഡിയും മാനേജരുമുൾപ്പെടെയുള്ളവർ സ്വീകരിച്ചു. തുടർന്ന് സർക്കാർ വാഹനത്തിൽ രാജമലയിലെത്തി നീലവസന്തത്തിൽ ആറാട്ടും നടത്തി.
വിവരമറിഞ്ഞു രാജമലയ്ക്കു സമീപം മാധ്യമപ്രവർത്തകർ എത്തിയപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഉച്ചയോടെ മൂന്നാർ ഡിവൈഎസ്പി ഓഫീസ് സന്ദർശനം ഒൗദ്യോഗികമാക്കി. ഡിജിപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു രാജമലയിൽ പോലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ സാം ജോസ് എന്നിവർ ഡിജിപിയെയും കുടുംബത്തെയും അനുഗമിച്ചു.