സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രകൃതിവിരുദ്ധ ശാരീരിക ബന്ധം സംബന്ധിച്ച കേസുകളെ രണ്ടായി തരം തിരിച്ച് പട്ടിക തയ്യാറാക്കുന്നു. ഉഭയസമ്മതപ്രകാരമുളളതും അല്ലാത്തതും എന്ന പട്ടികയാണ് തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ നൽകിക്കഴിഞ്ഞു.
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള പ്രകൃതി വിരുദ്ധ ശാരീരിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ സ്വീകരിക്കേണ്ട മാനദണ്ഡം വ്യക്തമാക്കി ഡിജിപി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 377 ഉൾപ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരാതിപ്രകാരമാണോ സ്വമേധയാ ആണോ രജിസ്റ്റർ ചെയ്തത് എന്നതിന്റെ അടിസ്ഥാനത്തിൽ അതാത് സ്റ്റേഷൻ ഓഫീസർമാർ പട്ടിക തയ്യാറാക്കണം. പരാതിപ്രകാരം എടുത്ത കേസുകളിൽ അന്വേഷണം തുടരുകയും അവസാന റിപ്പോർട്ട് ബന്ധപ്പെട്ട കോടതികളിൽ സമർപ്പിക്കുകയും വേണം.
സ്വമേധയാ എടുത്ത കേസുകൾ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നോ എന്ന് പരിശോധിക്കുകയും അങ്ങിനെയാണെങ്കിൽ തുടർനടപടി ഒഴിവാക്കുന്നത് കാണിച്ച് ബന്ധപ്പെട്ട കോടതികൾക്ക് റിപ്പോർട്ട് നൽകുകയും വേണം. ഉഭയസമ്മതപ്രകാരം അല്ലാത്ത ബന്ധം സംബന്ധിച്ച കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് മുൻപ് പരാതി എഴുതി വാങ്ങണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു.