കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ മണ്ണന്തല പോലീസ് കേസെടുത്തു.
സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ സൂര്യനെല്ലി കേസ് എന്ന തലക്കെട്ടുള്ള അധ്യായത്തില്‍ അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങള്‍ നല്‍കിയെന്നാണ് ആക്ഷേപം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.
സംഭവത്തില്‍ സിബി മാത്യൂസിനൊപ്പം ജോലി ചെയ്ത ഡിവൈഎസ്പി കെ.കെ.ജോഷിയാണ് ആദ്യം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പോലീസ് കേസെടുക്കാന്‍ തയാറാകാതെ വന്നതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മണ്ണന്തല എസ്എച്ച്ഒ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ സിബി മാത്യൂസിനെതിരേ കേസെടുക്കേണ്ട കാര്യമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.