തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം പോലീസ് നവീകരണത്തിനായി 151.41 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നു കണക്കുകൾ.
പോലീസ് നവീകരണത്തിനായി 2016-17ൽ 24,40,93,482 രൂപയുടെ സാധനസാമഗ്രികളും 2017-18 ൽ 46,79,43,547 രൂപയുടെ ഉപകരണങ്ങളും വാങ്ങിയതായും രേഖയിലുണ്ട്.
2018-2019 സാമ്പത്തികവർഷത്തിൽ സാധനസാമഗ്രികൾക്കായി ചെലവാക്കിയത് 78,79,20,001 രൂപയായിരുന്നു. 2019-20 വർഷത്തിൽ കണക്ക് നൽകുംവരെ 1,41,84,000 രൂപയുടെ സാമഗ്രികളും വാങ്ങിയതായി മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
സംസ്ഥാന പോലീസിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ സ്റ്റോർ പർച്ചേസ് മാന്വലും വിജിലൻസ് കമ്മീഷന്റെ മാർഗനിർദേശങ്ങളും ലംഘിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തൽ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽനിന്നു വ്യത്യസ്തമായ മറുപടിയാണു നിയമസഭയിൽ നൽകിയത്.
കഴിഞ്ഞ വർഷം ജൂണ് 27ന് വി.ടി. ബൽറാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ സ്റ്റോർ പർച്ചേസ് റൂൾ പ്രകാരമാണ് സാധനസാമഗ്രികൾ വാങ്ങുന്നതെന്നാണു പറഞ്ഞത്. 2018 മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷത്തിന്റെ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിയുടെ വാദം ഖണ്ഡിച്ചുള്ള സിഎജിയുടെ കണ്ടെത്തൽ.
സ്റ്റോർ പർച്ചേസ് റൂൾ പ്രകാരമാണ് സാധനസാമഗ്രികൾ വാങ്ങുന്നതെന്നു പറഞ്ഞതുകൂടാതെ അക്രഡിറ്റഡ് ഏജൻസികൾ, സർക്കാർ- അർധസർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് വാങ്ങുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവ കൂടാതെ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പർച്ചേസ് പോർട്ടലുകളായ ജെം, ഇ-പ്രോക്യുർമെന്റ് എന്നിവ മുഖേനയുമാണ് സാധനങ്ങൾ വാങ്ങുന്നതെന്നും പറഞ്ഞിരുന്നു.
എന്നാൽ, ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോഴ്സ് പർച്ചേസ് മാന്വലും കേന്ദ്ര വിജിലൻസ് കമ്മീഷൻ മാർഗനിർദേശങ്ങളും ലംഘിച്ചതായി സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ടോട്ടൽ സർവീസ് പ്രൊവൈഡറായ കെൽട്രോണിനെ പ്രവൃത്തികൾ ഏൽപ്പിക്കുന്നതിനായി നാല് സംഭവങ്ങളിലെങ്കിലും പോലീസ് ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്നതിൽ സന്ധിയുണ്ടായിരുന്നുവെന്നും ഇതു പദ്ധതികൾക്കു ധനനഷ്ടമുണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.