കൊച്ചി: ‘നീ മരിച്ചെന്നു കരുതിയിരിക്കുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും അടുത്തേക്കാണ് ഈ മടക്കയാത്ര. നിന്റെ അച്ഛനും ഭാര്യയും മക്കളും അവിടെ സന്തോഷത്തോടെ നിന്നെ കാത്തിരിക്കുകയാണ്’.
ഇന്നലെ പശ്ചിമബംഗാളിലേക്കു വണ്ടി കയറാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്പോൾ, ധജു മല്ലരാജിനോടു സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന പിതൃസഹോദരൻ പറഞ്ഞതാണിത്.
പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലുള്ള പൈക്കാർ ഗ്രാമം നാട്ടിലെ മരിച്ചവരുടെ പട്ടികയിൽ പേരു കുറിച്ച 32 കാരൻ ധജു, രണ്ടാം ജന്മമെന്നോണം ജന്മനാട്ടിലേക്കു തിരിച്ചെത്തുന്നതു രണ്ടു വർഷത്തിനും നാലു മാസത്തിനും ശേഷം.
മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ധജുവിനെ 2019 ഒടുവിലാണ് ബംഗാളിൽനിന്നു കാണാതാവുന്നത്. അലഞ്ഞുതിരിഞ്ഞ് ട്രെയിനിൽ കയറി കേരളത്തിലെത്തി. മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് ഓഫീസിനു മുന്നിലെ കാത്തുനിൽപുകേന്ദ്രത്തിൽ അദ്ദേഹത്തെ കണ്ടത് 2020 ഫെബ്രുവരി നാലിന്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിബി സെബിയും പഞ്ചായത്തംഗം സ്റ്റീഫൻ മാടവനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മലയാറ്റൂരിലുള്ള അഗതിമന്ദിരമായ ആകാശപ്പറവകളുടെ മാർ വാലാഹ് ദയറയിൽ എത്തിച്ചു.
അന്നു മാനസിക അസ്വസ്ഥത പ്രകടിച്ചിരുന്നതിനാൽ നാടും വീടും സംബന്ധിച്ച ഒരു വിവരങ്ങളും അദ്ദേഹത്തിൽനിന്നു കിട്ടിയില്ല. മാസങ്ങളോളം ആകാശപ്പറവകളിലെ സ്നേഹാർദ്രമായ പരിചരണവും കുടുംബാന്തരീക്ഷത്തിലുള്ള ജീവിതവും ധജുവിന്റെ ജീവിതം മാറ്റിമറിച്ചു.
മാനസികമായും ആത്മീയമായും ബലപ്പെട്ട ധജു പതുക്കെപ്പതുക്കെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സ്ഥാപനം അധികൃതരോടു പങ്കുവച്ചു. പലപ്പോഴായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതാനും ബംഗാളികളുടെ സഹായത്തോടെ വീട്ടുകാരുമായി ബന്ധപ്പെട്ടതോടെ, ധജുവിനു തന്റെ ആഗ്രഹംപോലെ ജന്മനാട്ടിലേക്കു മടങ്ങാനുള്ള വഴിതുറക്കുകയായിരുന്നു.
ആകാശപ്പറവകളുടെ സ്ഥാപനത്തിൽനിന്ന് അറിയിച്ചതിനുസരിച്ച് ധജുവിന്റെ പിതൃസഹോദരൻ പൂർണ മല്ലരാജും ബന്ധുവായ എസ്.കെ. നസറുദ്ദീനും ചേർന്ന് ഇന്നലെ രാവിലെ മലയാറ്റൂരിലെത്തി.
ഇത്രയും നാൾ തന്നെ കുടുംബാംഗത്തെപ്പോലെ പരിചരിച്ചു സംരക്ഷിച്ച ആകാശപ്പറവകളുടെ ഡയറക്ടർ സാംസൺ എസ്ഇസിക്കും ആത്മീയ പിതാവ് ഫാ. ജോർജ് കടന്പുകാട്ടിനും മറ്റുള്ളവർക്കും നന്ദി പറഞ്ഞു ബന്ധുക്കൾക്കൊപ്പം ഇറങ്ങുന്പോൾ ധജുവിന്റെ കണ്ണിൽനിന്നു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.