ശബരിമല വിഷയത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ കിലേമീറ്ററുകള്‍ അച്ഛന്റെ നെഞ്ചോട് ചേര്‍ന്ന് യാത്ര ചെയ്ത് എത്തിയത് പത്ത് മാസം മാത്രം പ്രായമായ ദക്ഷ എന്ന കുഞ്ഞ്. ദക്ഷയുടെ സന്ദര്‍ശനമാകട്ടെ, മല ചവിട്ടാന്‍ എത്തിയവര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെല്ലാം കൗതുകവുമായി.
പത്ത് മാസം മാത്രം പ്രായം വരുന്ന ദക്ഷയുടെ സാന്നിധ്യം പമ്പയില്‍ ഭക്തര്‍ ശരണം വിളികളോടെയാണു വരവേറ്റത്. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അഭിലാഷ് മൂത്ത മകള്‍ ദൈതയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം ബുധനാഴ്ച സന്ധ്യയോടെയാണ് പമ്പയില്‍ എത്തിയത്. ഗണപതി കോവിലിനു സമീപം തേങ്ങ ഉടച്ച ശേഷം നാഗഅമ്പലത്തിലും, ആദിമൂല ഗണപതി അമ്പലത്തിലും ദര്‍ശനം നടത്തി.
പിന്നീട് ഗാര്‍ഡ് റൂമിനു സമീപം എത്തിയ മാളികപ്പുറങ്ങള്‍ അടങ്ങിയ സംഘത്തെ സ്വന്തം നാട്ടുകാരി കൂടിയായ തൃശൂര്‍ റൂറല്‍ വനിതാ എസ്ഐ ഉദയാ ചന്ദ്രികയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിതാവിന്റെ മാറോടു ചേര്‍ന്നു കിടന്ന ദക്ഷയെ കണ്ടതോടെ സമീപം ഉണ്ടായിരുന്ന വനിതകള്‍ അടക്കമുള്ള മറ്റ് പോലീസ് സേനാംഗങ്ങളും തടിച്ചു കൂടി.
ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ ബാഡ്ജും നല്‍കിയാണു സന്നിധാനത്തേയ്ക്ക് ഇവരെ യാത്രയാക്കിയത്. അയ്യപ്പ സന്നിധിയിലെ നേര്‍ച്ചയുടെ ഭാഗമായാണ് ദക്ഷയെ ഒപ്പം കൂട്ടിയതെന്ന് അഭിലാഷ് പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങാതെ അയ്യപ്പ സന്നിധിയില്‍ കുടുംബമായി എത്തുന്നവരാണ് തങ്ങളെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.